ബജറ്റ് 15 കോടി; കർണാടക ബോക്സോഫീസിൽ കെ.ജി.എഫിനെ മറികടന്ന് കാന്താര, മുന്നിൽ ഒരു ചിത്രം മാത്രം
text_fieldsറിഷഭ് ഷെട്ടിയുടെ കാന്താര തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബർ 30ന് എത്തിയ ചിത്രം ഇതിനോടകം 250 കോടിയിലേറെ കളക്ഷനാണ് സ്വന്തമാക്കിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും കാന്താര എന്ന കന്നട ചിത്രം സ്വഭാഷാ ചിത്രങ്ങളേക്കാൾ വലിയ പ്രേക്ഷക പിന്തുണയോടെ കുതിക്കുകയാണ്.
തീരദേശ കർണാടകത്തിലെ ഒരു ഗ്രാമവും അവിടത്തെ ദൈവനർത്തക വിശ്വാസവും പ്രകൃതി-മനുഷ്യ ബന്ധവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ റിഷഭ് ഷെട്ടിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. കാന്താരയുടെ സംവിധായകൻ കൂടിയായ റിഷഭ് ഷെട്ടിയെ പ്രശംസിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത് അടക്കമുള്ള ഇന്ത്യൻ സിനിമയിലെ പ്രമുഖർ ഒന്നടങ്കം എത്തിയിരുന്നു.
കെ.ജി.എഫ് ചാപ്റ്റർ ഒന്നിനെ മറികടന്ന് കർണാടക ബോക്സോഫീസിലെ എക്കാലത്തേയും വലിയ രണ്ടാമത്തെ ബ്ലോക്ബസ്റ്റർ ചിത്രമായിരിക്കുകയാണ് കാന്താര. നിലവിൽ കെ.ജി.എഫ് ചാപ്റ്റർ രണ്ട് മാത്രമാണ് റിഷഭ് ഷെട്ടി ചിത്രത്തിന് മുന്നിലുള്ളത്. 172 കോടിയാണ് കെ.ജി.എഫ് ചാപ്റ്റർ രണ്ട് കർണാടകയിൽ നിന്ന് നേടിയത്. 132 കോടിയുമായി ഇപ്പോഴും തകർത്തോടുന്ന കാന്താര പുറകേയുണ്ട്. ബാഹുബലി രണ്ടാം ഭാഗമാണ് 126 കോടിയുമായി മൂന്നാം സ്ഥാനത്ത്.
ദിവസങ്ങൾക്കകം യാഷ് ചിത്രത്തിനെ മറികടക്കാൻ റിഷഭ് ചിത്രത്തിന് കഴിഞ്ഞേക്കും. അങ്ങനെ സംഭവിച്ചാൽ, അത് ചരിത്രമാകും. കാരണം, 100 കോടിയിലേറെ ബജറ്റിലാണ് കെ.ജി.എഫ് 2 നിർമിച്ചത്. 15 കോടി മാത്രമാണ് കാന്താരയുടെ ബജറ്റ്. ചിത്രം നിലവിൽ ആഗോള ബോക്സോഫീസിൽ കെ.ജി.എഫ് ചാപ്റ്റർ ഒന്നിനെ മറികടന്നിട്ടുണ്ട്.
അതേസമയം, കർണാടക ബോക്സോഫീസിലെ ഈ രണ്ട് മെഗാഹിറ്റുകളും നിർമിച്ചത്, ഹോംബാലെ ഫിലിംസാണ്. ആഗോള ബോക്സോഫീസിൽ 1230 കോടിയോളമാണ് കെ.ജി.എഫ് 2 നേടിയത്. അതിനെ ഏത് ചിത്രം മറികടക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.