മാസ്റ്ററെ കാണാൻ ശിഷ്യൻ എത്തി! റിഷഭ് ഷെട്ടി-രജനികാന്ത് ചിത്രം വൈറലാവുന്നു...
text_fieldsമികച്ച പ്രേക്ഷക സ്വീകാര്യത നേടി റിഷഭ് ഷെട്ടിയുടെ കാന്താര തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബർ 30ന് എത്തിയ ചിത്രം ഇതിനോടകം 250 കോടി കളക്ഷൻ നേടിയിട്ടുണ്ട്. കന്നഡയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു.
19ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ തീരദേശ കർണാടകത്തിലെ ഒരു ഗ്രാമവും അവിടത്തെ ദൈവനർത്തക വിശ്വാസവുമാണ് ചർച്ച ചെയ്യുന്നത്. സിനിമയെ പോലെ തന്നെ ചിത്രത്തിലെ റിഷഭിന്റെ പ്രകടനവും ചർച്ചയായിട്ടുണ്ട്. കാന്താരയുടെ സംവിധായകൻ കൂടിയായ റിഷഭ് ഷെട്ടിയെ പ്രശംസിച്ച് ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു.
തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തും ചിത്രം കണ്ടതിന് ശേഷം നടനേയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു കാന്താര ടീമിനെ വാനോളം പുകഴ്ത്തി തലൈവർ എത്തിയത് . ഇപ്പോഴിതാ രജനിയെ നേരിൽ കണ്ട് അനുഗ്രഹം തേടിയിരിക്കുകയാണ് റിഷഭ് ഷെട്ടി.
രജനിയിൽ നിന്ന് അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങൾ നടൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. രജനിയുടെ ചെന്നൈയിലെ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ഏറെ നേരം നടനോടൊപ്പം ചെലവഴിച്ചതിന് ശേഷമായിരുന്നു റിഷഭിന്റെ മടക്കം.
കാന്താരയുടെ നിർമാണ കമ്പനിയായ ഹോംബാലെയും താരങ്ങളുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. മാസ്റ്ററും ശിഷ്യനും എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.