'ബോട്ട് മറിഞ്ഞത് സത്യം, പക്ഷെ ചിത്രീകരണത്തിനിടെ ഒരപകടവും സംഭവിച്ചിട്ടില്ല'; സെറ്റിലെ അപകട വാർത്തയിൽ പ്രതികരിച്ച് കാന്താര നിർമാതാവ്
text_fieldsകാന്താര ചാപ്റ്റർ 1 സിനിമയുടെ സെറ്റിൽ ബോട്ട് മറിഞ്ഞുവെന്ന വാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് നിർമാതാക്കൾ. ബോട്ട് മറിഞ്ഞപ്പോൾ ഋഷഭ് ഷെട്ടിയും മറ്റ് 30 ജീവനക്കാരും ബോട്ടിലുണ്ടായിരുന്നുവെന്നും അവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സിനിമയുടെ സെറ്റുകളിൽ മാരകമായ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നാണ് നിർമാതാക്കൾ പറയുന്നത്.
സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആദർശ് പ്രചരണങ്ങൾ തള്ളിക്കളയാൻ ശ്രമിച്ചതായാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മണി ഡാം റിസർവോയറിനുള്ളിൽ ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റും മഴയും മൂലമാണ് ബോട്ട് മറിഞ്ഞതെന്നും സംഭവം നടക്കുമ്പോൾ ചുറ്റും ആരും ഉണ്ടായിരുന്നില്ല എന്നും അതിനാൽ ആർക്കും പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ബോട്ട് പശ്ചാത്തലത്തിൽ മാത്രമാണെന്നും സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമല്ലെന്നും ആദർശ് വ്യക്തമാക്കി.
അപകടത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായ റിപ്പോർട്ടുകൾ തെറ്റാണെന്ന് നിർമാതാവ് വ്യക്തമാക്കി. യഥാർഥ ഷൂട്ടിങ് സ്ഥലത്ത് നിന്ന് വളരെ അകലെയാണ് സംഭവം നടന്നതെന്നും അതിനാൽ ഷെഡ്യൂൾ പ്രകാരം ചിത്രീകരണം തുടർന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. എല്ലാ അഭിനേതാക്കളുടെയും, ക്രൂ അംഗങ്ങളുടെയും, സുരക്ഷ ഉറപ്പുനൽകിക്കൊണ്ട്, വെള്ളത്തിലെ ചിത്രീകരണത്തിന് ആവശ്യമായ എല്ലാ അനുമതികളും എടുത്തിട്ടുണ്ടെന്ന് ആദർശ് പറഞ്ഞു. മാത്രമല്ല, സംഭവിക്കാവുന്ന അപകടങ്ങൾ തടയാൻ ഷൂട്ടിങ് സ്ഥലത്ത് സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കിയതായി അദ്ദേഹം പറഞ്ഞു.
2022-ൽ പുറത്തിറങ്ങിയ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റർ 1. ചിത്രീകരണം ആരംഭിച്ചതുമുതൽ ചിത്രം പലവിധ വെല്ലുവിളികളും നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം മലയാളിനടൻ കലാഭവൻ നിജു ഈ സിനിമയുടെ സെറ്റിൽവെച്ച് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

