'ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള സമയം'; കാന്താരയുടെ ചെന്നൈയിലെ പ്രമോഷണൽ പരിപാടി റദ്ദാക്കി
text_fieldsഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1. ഋഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് ഹോംബാലെ ഫിലിംസിന് കീഴിൽ വിജയ് കിരഗന്ദൂരും ചലുവെ ഗൗഡയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഋഷഭ് തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2025 ഒക്ടോബർ രണ്ടിന് 6000ത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
ഇപ്പോഴിതാ, സെപ്റ്റംബർ 30ന് ചെന്നൈയിൽ നടത്താനിരുന്ന പ്രമോഷണൽ പരിപാടി റദ്ദാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ. തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം മേധാവിയും നടനുമായ വിജയ്‌യുടെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടതിനെതുടർന്നാണ് പരിപാടി റദ്ദാക്കിയത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ഇൻസ്റ്റാഗ്രാമിൽ ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
'സമീപകാലത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുടെ വെളിച്ചത്തിൽ, നാളെ ചെന്നൈയിൽ നടത്താൻ നിശ്ചയിച്ചിരുന്ന കാന്താര ചാപ്റ്റർ 1 പ്രമോഷണൽ പരിപാടി റദ്ദാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള സമയമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദുരിതബാധിത കുടുംബങ്ങൾക്കൊപ്പമാണ്. ഞങ്ങളുടെ അഗാധമായ അനുശോചനവും പ്രാർഥനയും അറിയിക്കുന്നു. നിങ്ങളുടെ പിന്തുണക്ക് ഞങ്ങൾ നന്ദിയുള്ളവരാണ് -പ്രസ്താവനയിൽ പറയുന്നു.
ആക്ഷൻ ത്രില്ലർ ചിത്രമായ കാന്താര ചാപ്റ്റർ 1 കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസ് ചെയ്യും. ആദ്യ ചിത്രത്തിലൂടെ തന്നെ നടനായും സംവിധായകനായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഋഷഭ് ഷെട്ടി പ്രീക്വലിലും ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 2022ൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു എന്നീ ഭാഷകളിൽ പുറത്തിറങ്ങി ബ്ലോക്ക് ബസ്റ്റർ വിജയം കൊയ്ത കാന്താരയുടെ പ്രീക്വലായാണ് കാന്താര ചാപ്റ്റർ 1 എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

