കങ്കണയുടെ 'എമർജൻസി' ഒ.ടി.ടിയിൽ
text_fieldsനടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്ത 'എമർജൻസി' ഒ.ടി.ടിയിൽ. ഇന്നുമുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാനാകുമെന്ന് കങ്കണ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തിയേറ്ററിൽ റിലീസ് ചെയ്ത് കൃത്യം രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്. മാർച്ച് 17 ന് ചിത്രം ഒ.ടി.ടിയിൽ എത്തുമെന്ന് കങ്കണ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന എമർജൻസി, ജനുവരി 17നാണ് ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തത്.
അടിയന്തരാവസ്ഥ കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്. സഞ്ജയ് ഗാന്ധിയായി വിശാഖ് നായരും, ജയപ്രകാശ് നാരായണനായി അനുപം ഖേറും, അടൽ ബിഹാരി വാജ്‌പേയിയായി ശ്രേയസ് തൽപാഡെയും, ജഗ്ജീവൻ റാമായി സതീഷ് കൗശിക്കും, ഫീൽഡ് മാർഷൽ സാം മനേക്ഷായായി മിലിന്ദ് സോമനും ചിത്രത്തിൽ അഭിനയിക്കുന്നു. മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി (2019) എന്ന ചിത്രത്തിലൂടെയാണ് നടി സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമർജൻസി.
അതേസമയം, ചില ഭാഗങ്ങൾ ഒഴിവാക്കിയാൽ മാത്രമേ എമർജൻസി റിലീസ് ചെയ്യാൻ അനുവദിക്കൂ എന്ന് സെൻസർ ബോർഡ് മുമ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം, സിഖ് സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന പരാതിയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.