ആലിയയുടെ ഡയലോഗ് അനുകരിച്ച് പെൺകുട്ടി; വീഡിയോക്കെതിരെ വിമർശനവുമായി കങ്കണ
text_fieldsമുംബൈ: ആലിയ ഭട്ടിന്റെ പുതിയ ചിത്രമായ 'ഗംഗുഭായ് കത്യവാഡിയിലെ' കഥാപാത്രത്തെ അനുകരിച്ച് ഡയലോഗ് പറഞ്ഞ് വീഡിയോ ചെയ്ത കൊച്ചു പെൺകുട്ടിക്കെതിരെ കങ്കണ റണാവത്ത്. സിനിമയിൽ ലൈംഗികത്തൊഴിലാളിയായി വേഷമിട്ട ആലിയയുടെ കഥാപാത്രത്തെ അനുകരിച്ചാണ് പെൺകുട്ടി വീഡിയോ ചെയ്തിരുന്നത്. എന്നാൽ ഒരു കൊച്ചു പെൺകുട്ടി വായിൽ ബീഡി വെച്ച് അസഭ്യവും അശ്ലീലവും നിറഞ്ഞ സംഭാഷണങ്ങൾ ഉപയോഗിച്ച് ഇത്തരം അനുകരണങ്ങൾ നടത്താൻ പാടില്ല എന്നായിരുന്നു കങ്കണയുടെ വിമർശനം. തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കങ്കണയുടെ പ്രതികരണം.
''വായിൽ ബീഡിയും അസഭ്യവും അശ്ലീലവുമായ സംഭാഷണങ്ങൾ ഉപയോഗിച്ച് ഈ ചെറിയ പെൺകുട്ടി ഒരു ലൈംഗികത്തൊഴിലാളിയെ അനുകരിക്കണോ? അവളുടെ ശരീര ഭാഷ നോക്കൂ, ഈ പ്രായത്തിൽ ഈ പെൺകുട്ടിയെ ലൈംഗികവത്കരിക്കുന്നത് ശരിയാണോ? ഇത് മാതൃകയാക്കുന്ന മറ്റ് നിരവധി കുട്ടികളുണ്ട്'' -കങ്കണ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു. കേന്ദ്ര വനിതാ ശിഷുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമാണ് 'ഗംഗുഭായ് കത്യവാഡി'. ഫെബ്രുവരി 25 ന് പ്രദർശനത്തിനെത്തും. എഴുത്തുകാരനായ ഹുസൈൻ സെയ്ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിൽ നിന്നാണ് ചിത്രം രൂപപ്പെടുത്തിയത്. 1960 കളിൽ മുംബൈയിലെ കാമാത്തിപുരയിൽ നിന്നുള്ള ഗംഗുബായിയുടെ വേഷത്തിലാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്.
ചിത്രത്തിൽ അജയ് ദേവ്ഗണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് ആലിയ ഭട്ട് സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിന്‍റെ ഭാഗമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

