മുംബൈ: പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ മാസം 26, 27 തിയ്യതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇരുവര്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു.
മതത്തിന്‍റെയോ വംശത്തിന്‍റെയോ ഭാഷയുടെയോ ജനന സ്ഥലത്തിന്‍റെയോ പേരില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നു, ട്വീറ്റുകളിലൂടെ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നു എന്ന പരാതിയാണ് കോടതിയിലെത്തിയത്. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നെസ് ട്രെയ്നറുമായ മുനവർ അലി സെയ്ദാണ് പരാതിക്കാരൻ. കങ്കണയുടെ സഹോദരിയുടെ ട്വീറ്റുകളും മതസ്പർധ വളർത്തുന്നതായിരുന്നു എന്നും പരാതിയിൽ പറയുന്നു.
സുശാന്ത് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെയുള്ള കങ്കണയുടെ ചില പരാമര്‍ശങ്ങളാണ് പരാതിക്ക് അടിസ്ഥാനം. മുംബൈയെ പാക് അധീന കശ്മീരിനോട് കങ്കണ താരതമ്യം ചെയ്തതിനെതിരെ ശിവസേന നേതാക്കള്‍ പ്രതികരിച്ചു. മുംബൈയില്‍ ക്രമസമാധാനം തകര്‍ന്നുവെന്നും അവിടെ ജീവിക്കാന്‍ ഭയമാണെന്നും കങ്കണ പറഞ്ഞു. കങ്കണക്ക് പിന്നില്‍ ബി.ജെ.പിയാണെന്നാണ് ശിവസേനയുടെ വിമര്‍ശനം.
കങ്കണയുടെ മുംബൈയിലെ കെട്ടിടം നിയമ വിരുദ്ധ നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ കോര്‍പറേഷന്‍ പൊളിക്കാന്‍ തുടങ്ങിയതോടെ പോര് നിയമയുദ്ധത്തിലേക്ക് കടന്നു.