പതിറ്റാണ്ടുകൾക്ക് ശേഷം രജനീകാന്തും കമൽഹാസനും ഒന്നിക്കുന്നു
text_fieldsരജനീകാന്തും കമൽഹാസനും ഒരുമിച്ചുള്ള ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ അങ്ങനെയൊരു സിനിമ എപ്പോൾ സംഭവിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ഇപ്പോഴിതാ, രജനീകാന്തിനൊപ്പം പുതിയ ചിത്രത്തിൽ ഒന്നിക്കുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് കമൽഹാസൻ. സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി അവാർഡ്‌സിന്‍റെ വേദിയിലാണ് പ്രഖ്യാപനം. പതിറ്റാണ്ടുകൾക്ക് ശേഷമാണ് തമിഴ് സിനിമയുടെ ബിഗ് ഐക്കണുകൾ വീണ്ടും ഒന്നിക്കുന്നത്.
രജനീകാന്തിനൊപ്പം ഒരു സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമൽഹാസൻ. 'ഇതൊരു അത്ഭുതകരമായ സംഭവം ആണോ എന്ന് ഞങ്ങൾക്ക് അറിയില്ല, പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ ഞങ്ങൾ സന്തുഷ്ടരാണ്. അതിനാൽ ഞങ്ങൾ ഒന്നിക്കും' -കമൽഹാസൻ പറഞ്ഞു.
ഇരുവർക്കുമിടയിൽ ഒരു മത്സരവുമില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. മത്സരത്തെക്കുറിച്ച് ചിന്തിച്ചതും സൃഷ്ടിച്ചതും നിങ്ങളാണ്. ഞങ്ങൾക്കിടയിൽ ഒരു മത്സരവുമില്ല. വാണിജ്യപരമായി ഇത് ഒരു അത്ഭുതമായിരിക്കാം, പക്ഷേ ഇപ്പോൾ അത് സംഭവിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നുവെന്നും കമൽഹാസൻ പറഞ്ഞു.
കമൽഹാസൻ ഈ പ്രോജക്ടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലോകേഷ് കനകരാജ് ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. താൻ കമൽഹാസന്‍റെ വലിയ ആരാധകനാണ് ലോകേഷ് നേരത്തെ പങ്കുവെച്ചിരുന്നു. രജനീകാന്തിന്റെ കൂലി എന്ന ചിത്രത്തിന്റെ പ്രമോഷണൽ പരിപാടിയിൽ, ലോകേഷ് സിനിമാറ്റിക് യൂനിവേഴ്‌സിൽ (എൽ.സി.യു) കമൽഹാസനെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രജനീകാന്തും കമൽഹാസനും അവരുടെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ അപൂർവ രാഗങ്ങൾ, മൂണ്ട്രു മുടിച്ചു, അവർകൾ, പത്തിനാറു വയതിനിലെ എന്നിവയുൾപ്പെടെ നിരവധി ക്ലാസിക്കുകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നത് കാണാൻ ആരാധകർ പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. ഈ പ്രഖ്യാപനം വലിയ ആവേശത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

