70 കോടിയും കടന്ന് കളങ്കാവൽ; മമ്മൂട്ടി കമ്പനി ചിത്രം മെഗാഹിറ്റിലേക്കോ?
text_fieldsകളങ്കാവൽ
നവാഗതനായ ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടുന്നത്. റിലീസ് ചെയ്ത് ഒൻപത് ദിവസങ്ങൾക്കുള്ളിൽ ചിത്രം ആഗോളതലത്തിൽ 75 കോടി രൂപ കലക്ഷനാണ് സ്വന്തമാക്കിയത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കലക്ഷൻ നേട്ടം ഔദ്യോഗികമായി പുറത്തുവിട്ടത്. കുറുപ്പ് എന്ന സിനിമയുടെ കഥാകൃത്തായ ജിതിൻ ജോസ്, ജിഷ്ണു ശ്രീകുമാറിനൊപ്പമാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.
ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് മമ്മൂട്ടി-വിനായകൻ ചിത്രം കളങ്കാവൽ മുന്നേറുന്നത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച മമ്മൂട്ടി ചിത്രം എന്ന ബഹുമതിയും ഈ സിനിമ സ്വന്തമാക്കി. ‘ഭീഷ്മപർവ്വം’, ‘കണ്ണൂർ സ്‌ക്വാഡ്’, ‘ഭ്രമയുഗം’, ‘ടർബോ’ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം 50 കോടി ക്ലബ്ബിലെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിർമാണ സംരംഭമാണ് കളങ്കാവൽ. 50 കോടി ക്ലബ്ബ് എന്ന നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ആറാമത്തെ മലയാള ചിത്രമായി കളങ്കാവൽ മാറി. പ്രീ-ബുക്കിങ്ങിൽ തന്നെ ഈ നേട്ടം കൈവരിച്ച മോഹൻലാലിന്റെ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്ത്.
2000ത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാൻലി ദാസായി മമ്മൂട്ടിയും അഭിനയിക്കുന്നു. ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. കഴിഞ്ഞ എട്ട് മാസങ്ങൾക്കിടയിലെ വലിയ ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം കൂടിയാണിത്. ഇതിനുമുമ്പ് ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക ആയിരുന്നു ഒടുവിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

