സെൻസറിങ്ങിൽ കഥാപാത്രത്തിന്റെ പേര് പ്രശ്നമായി; കാക്കിപ്പടയുടെ റിലീസ് മാറ്റി
text_fieldsനിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്, ചന്തുനാഥ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് കാക്കിപ്പട. ക്രിസ്മസ് റിലീസായി അണിയറയിൽ ഒരുങ്ങിയ ചിത്രത്തിന്റെ റിലീസിങ് തീയതി നീട്ടിയതായി സംവിധായകൻ ഷെബി ചൗഘട്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെൻസർ ബോഡിന്റെ നിർദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നതിനെ തുടർന്നാണ് റിലീസ് നീട്ടിയത്. മറ്റി ഡബ് ചെയ്ത് റീസെൻസറിങ്ങിന് ശേഷം മാത്രമേ ചിത്രം പ്രദർശനത്തിനെത്തുകയുള്ളൂവെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.
'പ്രിയപ്പെട്ടവരെ എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ. കാക്കിപ്പട ഈ ക്രിസ്മസിന് ഏവരുടെയും അടുത്തെത്തിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഞങ്ങൾ ഓരോരുത്തരും. എന്നാൽ ഖേദപൂർവ്വം അറിയിക്കട്ടെ ചിത്രം എത്തിക്കുന്നതിൽ ചില സാങ്കേതികമായ തടസ്സം വന്നുപെട്ടിരിക്കുന്നു. സെൻസർ ബോഡിന്റെ നിർദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നിരിക്കുന്നു. ആ കഥാപാത്രത്തിന്റെ പേര് പലയിടങ്ങളിലും മറ്റു കഥാപാത്രങ്ങൾ പരാമർശിക്കുന്നതിനാൽ അവയെല്ലാം മാറ്റി ഡബ് ചെയ്യേണ്ട അവസ്ഥവന്ന് ചേർന്നിരിക്കുകയാണ്. ചിത്രത്തിൽ ആ പേര് പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളിൽ ചിലരെല്ലാം വിദേശത്താണ് അവർ തിരിച്ചെത്തി വീണ്ടും ഡബ് ചെയ്യുകയും റീസെൻസറിങ്ങ് നടത്തുകയും വേണം അതിനു ശേഷം മാത്രമേ ചിത്രം നിങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുകയുള്ളു.
സെൻസർ ബോഡിലെ പ്രിയപ്പെട്ടവർ വളരെ പോസറ്റീവായിട്ടാണ് ആ കഥാപാത്രത്തിന്റെ പേരിൽ ഉള്ള പ്രശ്നം ചൂണ്ടിക്കാട്ടിയത് അതിന് അവരോട് നന്ദി അറിയിക്കുന്നു. മനുഷ്യർക്ക് ഒരു പേര് കൊണ്ട് പോലും മുറിവേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് തീർച്ചയായും മനുഷ്യത്വം നിറഞ്ഞ കാര്യമാണ്, അതിനായി പിന്തുണ നൽകിയ പ്രിയപ്പെട്ടവരോട് ഞങ്ങളുടെ കടപ്പാടറിയിക്കുന്നു. ഏവർക്കും ഒരിക്കൽക്കൂടി ടീം കാക്കിപ്പടയുടെ ക്രിസ്മസ് പുതുവത്സരാശംസകൾ '- ഫേസ്ബുക്കിൽ കുറിച്ചു.
തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് സായുധ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് കാക്കിപ്പട പറയുന്നത്. ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.