'വിശ്വൻ അനുജനായിരുന്നില്ല, മകനായിരുന്നു'; വിതുമ്പലോടെ കൈതപ്രം ദാമോദരൻ നമ്പൂതി
text_fieldsകോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനുമായ കൈതപ്രം വിശ്വനാഥൻ ഓർമ്മയായിട്ട് ഒരു വർഷം പിന്നിടുന്നു. തിരുവണ്ണൂർ സ്വാതിതിരുനാൾ കലാകേന്ദ്രം ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ കുടുംബാംഗങ്ങൾ സംഘടിപ്പിച്ച ഒന്നാം ചരമവാർഷിക അനുസ്മരണം പ്രശസ്ത സംവിധായകനും കുടുംബ സുഹൃത്തുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. വിശ്വൻ നമ്മെ വിട്ടു പോയിട്ടില്ല. നമുക്ക് ചുറ്റുമുണ്ട്. വിശ്വൻ ഒരു അനുജനായിരുന്നില്ല , ഒരു മകനായിരുന്നു. വിതുമ്പലോടെ ചടങ്ങിൽ അധ്യക്ഷത വഹിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കലാകേന്ദ്രം ഓഡിറ്റോറിയത്തിന് ചടങ്ങിൽ വച്ച് വിശ്വനാദം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കൈതപ്രം വിശ്വനാഥന്റെ പേരിൽ ഏർപ്പെടുത്തിയ നവാഗത സംഗീത സംവിധായകനുള്ള അവാർഡും പ്രഖ്യാപിച്ചു.
അജിത്ത് നമ്പൂതിരി (അമൃത ടി വി ), സുഹൃത്തും സഹപാഠിയുമായ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി, ദീപു തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ സുഹൃത്തുക്കളും സഹപാഠികളും ശിഷ്യരും ചേർന്ന് സംഗീതാർച്ചനയും നടത്തി. കൈതപ്രം വിശ്വനാഥന്റെ പത്നിയും മക്കളും കുടുംബങ്ങളും സന്നിഹിതരായി. കഴിഞ്ഞ രണ്ടാഴ്ച മുൻപ് നീലേശ്വരത്ത് വച്ച് സുഹൃത്തുക്കളും ശിഷ്യരും ചേർന്ന് കൈതപ്രം വിശ്വനാഥൻ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ കോർത്തിണക്കി ഗാനാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചിരുന്നു.
കൈതപ്രം വിശ്വനാഥന്റെ പേരിൽ ഏർപ്പെടുത്തിയ ആദ്യത്തെ അവാർഡ് ലഭിച്ചത് ഹൃദയം ചിത്രത്തിന്റെ സംഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബിനാണ്. അവാർഡ് പിന്നീട് വിപുലമായ ചടങ്ങിൽ വച്ച് നൽകുമെന്ന് സംഘാടകർ അറിയിച്ചു. മലയാളികൾ ഇന്നും മൂളിക്കൊണ്ടിരിക്കുന്ന തിളക്കത്തിലെ നീയൊരു പുഴയായ് തഴുകുമ്പോഴും സാറെ , സാറെ സാമ്പാ റെ, എനിക്കൊരു പെണ്ണുണ്ട് , കണ്ണകിയിലെ പാട്ടുകളുമെല്ലാം മലയാള ഭാഷ നിലനിൽക്കുന്ന മരണമില്ലാത്ത കാലത്തോളം അകാലത്തിൽ പൊലിഞ്ഞ മുറുക്കി ചുവപ്പിച്ച ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി താടി തടവി രാഗങ്ങൾ മൂളിക്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവരുടെ വിശ്വേട്ടൻ ഓരോ മനസ്സുകളിലും എന്നും ജീവിച്ചു കൊണ്ടേയിരിക്കും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.