കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്; ചിത്രം 'കൊറഗജ്ജ'
text_fieldsകബീർ ബേദി മാധ്യമങ്ങളോട് സംസാരിക്കുന്നു
മലയാള സിനിമക്കും മലയാളികൾക്കും 'അനാർക്കലി' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ പരിചിതനായ ബോളിവുഡ് താരം കബീർ ബേദി വീണ്ടും ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അട്ടാവർ സംവിധാനംചെയ്യുന്ന 'കൊറഗജ്ജ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കബീർ ബേദി വീണ്ടും എത്തുന്നത്.
'കൊറഗജ്ജ' സിനിമയുടെ റിലീസിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പ്രസ്സ് മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. കൊറഗജ്ജ ദൈവത്തിന്റെ കഥ പറയുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസിന് എത്തും. ചിത്രത്തിന്റെ സംവിധായകൻ സുധീർ അട്ടാവർ, കന്നടയിലെ പ്രമുഖ താരം ഭവ്യ, പ്രൊഡ്യൂസർ ത്രിവിക്രം സഫല്യ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു. കേരളത്തെയും കേരളീയ ഭക്ഷണത്തെയും, ഇവിടുത്തെ സിനിമകളെയും ഇഷ്ടപ്പെടുന്ന കബീർ ബേദി മലയാളത്തിൽ അവസരങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണെന്നും പറഞ്ഞു.
നാഷണൽ അവാർഡ് നേടുന്നതിൽ 25% മലയാള സിനിമകളാണെന്ന് പറഞ്ഞ കബീർ ബേദി മലയാള സിനിമകളോടുള്ള തന്റെ പ്രത്യേക ഇഷ്ടവും അറിയിച്ചു. ചരിത്രവുമായി ബന്ധമുള്ള 'കൊറഗജ്ജ ' പോലുള്ള സിനിമയിൽ അഭിനയിക്കാനായതിലുള്ള സന്തോഷവും പങ്കുവെച്ചു. ഉദ്യാവര അരശു രാജാവിന്റെ വേഷത്തിലാണ് കബീർ ബേദി ചിത്രത്തിൽ എത്തുന്നത്.
വമ് സി മ്യൂസികിനാണ് 'കൊറഗജ്ജ' ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ത്രിവിക്രമ സിനിമാസിന്റെ ബാനറിൽ ത്രിവിക്രമ സഫല്യയാണ് ചിത്രം നിർമ്മിക്കുന്നത്. സക്സസ് ഫിലിംസിന്റെ വിദ്യാധർ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നു.
കർണാടകയിലെ കറാവളി ഭാഗത്തെ (തുളുനാട്ടിലെ) ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യത ഉണ്ട്. 800വർഷങ്ങൾക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്.
കന്നട, ഹിന്ദി,തമിഴ്, തെലുങ്ക്, മലയാളം തുളു എന്നീ ആറു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. 31 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
"കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ "എന്ന ചിത്രത്തിലൂടെ ഡോക്ടർ അമ്പിളി എന്ന കഥാപാത്രമായി മലയാളികൾക്ക് ഏറെ പരിചിതയായ ശ്രുതി കൃഷ്ണയാണ് ഭൈരകിയുടെ വേഷം ചെയ്യുന്നത്. കന്നടയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ് ബോളിവുഡ് സിനിമകളുടെ കൊറിയോഗ്രാഫറും പ്രശസ്ത ബോൾഡ് ഡാൻസറുമായ സന്ദീപ് സോപാർക്കർ, അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി.പട്ടേൽ, പ്രശസ്ത നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് ജിത് ജോഷ്, വിദ്യാദർ ഷെട്ടി. സൗണ്ട് ഡിസൈൻ ബിബിൻ ദേവ്. വി എഫ് എക്സ് ലെവൻ കുശൻ. കളറിസ്റ്റ് ലിജു പ്രഭാകർ. പി.ആർ.ഓ മഞ്ജു ഗോപിനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

