സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയെ നേരിൽ കണ്ട് 'കാട്ടാളൻ' ടീം! ആകാംക്ഷയോടെ പ്രേക്ഷകർ
text_fields'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ ആക്ഷനൊരുക്കാൻ എത്തുന്നത് ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണെന്ന് സൂചന. കെച്ച കെംബഡികെയെ നേരിൽ കണ്ട് സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് 'കാട്ടാളൻ' ടീം. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ കെച്ച കെംബഡികെയുടെ മലയാളത്തിലെ അരങ്ങേറ്റം 'കാട്ടാളനി'ലൂടെയാകുമെന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ സിനിമ പ്രേക്ഷകർ.
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ വലിയൊരു താരനിരയാണ് ഒരുമിക്കുന്നതെന്നാണ് സൂചന. സിനിമയുടേതായി പുറത്തിറങ്ങിയ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്ന പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡി.ഒ.പി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ 'ആന്‍റണി വർഗ്ഗീസ്' എന്ന പേരിൽ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകത കൂടി മുൻ പോസ്റ്ററുകളിൽ പങ്കുവെച്ചിരുന്നു. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സിക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പി.ആർ.ഒ ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

