'സിനിമ കാണുന്നത് നല്ലതാ'; കുശലാന്വേഷണവുമായി മമ്മൂട്ടി -വിഡിയോ
text_fieldsകാതൽ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ കാഴ്ച പങ്കുവെച്ച് പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ. തൊട്ടടുത്ത വീട്ടിൽ കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയുടെ വിഡിയോയാണ് പങ്കുവെച്ചത്. വീടിന്റെ മുന്നിലിരിക്കുന്ന വയോധികയോട് കാര്യങ്ങൾ അന്വേഷിച്ച ശേഷം സിനിമകൾ കാണണമെന്നും അതുവളരെ നല്ലതാണെന്നും മെഗാസ്റ്റാർ പറയുന്നു. മമ്മൂട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചിത്രത്തിൽ മമ്മൂട്ടിയുടെ മാത്യു എന്ന കഥാപാത്രം സ്കൂട്ടറിൽ സഞ്ചരിക്കുന്ന രംഗം ചിത്രീകരിക്കുന്നതിന്റെ ഇടവേളയിലാണ് കുശലാന്വേഷണവുമായി മെഗാസ്റ്റാർ തൊട്ടടുത്ത വീട്ടിലെത്തിയത്. വരാന്തയിലിരുന്ന അമ്മൂമ്മയോടാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. വയസായതിനാൽ അങ്ങനെ സിനിമ കാണാറില്ലെന്ന് അമ്മൂമ്മ മമ്മൂട്ടിയോട് പറഞ്ഞു. എന്നാൽ സിനിമ കാണുന്നത് നല്ലതാ’ എന്നായിരുന്നു നടന്റെ മറുപടി. അതിനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാനും കുടുംബാംഗങ്ങളോട് പറയുന്നു. വീട്ടുകാരെല്ലാവരോടും വിശേഷങ്ങൾ അന്വേഷിച്ച ശേഷമാണ് മമ്മൂട്ടി അവിടെ നിന്ന് പോയത്.
മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ 2023 നവംബർ 23 നാണ് തിയറ്ററുകളിലെത്തിയത്. മലയാളികൾ മാത്രമല്ല അന്യഭാഷ പ്രേക്ഷകരും കാതൽ ഇരുകൈളും നീട്ടി സ്വീകരിച്ചിരുന്നു. മാത്യുവായിട്ടുള്ള മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ഇന്ത്യൻ സിനിമാ ലോകം രംഗത്തെത്തിയിരുന്നു.

