'താലി'യെ മോശമായി ചിത്രീകരിച്ചു; ഡ്യൂഡ് സിനിമയെ വിമർശിച്ച് ഭാഗ്യരാജ്
text_fieldsപ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡ് എന്ന ചിത്രത്തിന് ശക്തമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ചിത്രത്തിന്റെ പുരോഗമന ആശയങ്ങളെ പ്രശംസിക്കുമ്പോൾ, മറ്റു ചിലർ സിനിമ നൽകുന്ന സന്ദേശത്തെ അപലപിക്കുന്നു. ചിത്രത്തിന്റെ മൊത്തത്തിലുള്ള സന്ദേശത്തിനെതിരെ സംവിധായകൻ മോഹൻ രംഗത്തു വന്നിരുന്നു. ഇപ്പോൾ നടനും സംവിധായകനുമായ ഭാഗ്യരാജും സിനിമയെ വിമർശിച്ചിരിക്കുകയാണ്. ഡ്യൂഡിൽ, 'താലി'യെ മോശമായി ചിത്രീകരിച്ചെന്നാണ് ഭാഗ്യരാജ് പറയുന്നത്.
താലിയെക്കാളും വിവാഹത്തെക്കാളും സ്ത്രീയുടെ വികാരങ്ങൾക്കാണ് പ്രാധാന്യമെന്ന് പ്രദീപ് രംഗനാഥന്‍റെ കഥാപാത്രം പറയുന്ന രംഗമുണ്ട് ചിത്രത്തിൽ. ഇതിനെയാണ് ഭാഗ്യരാജ് അപലപിച്ചത്. 'പുരുഷന്മാർക്കും സ്ത്രീകൾക്കും അവരുടേതായ ഭൂതകാലങ്ങളും ജീവിത യാത്രകളും ഉണ്ടാകും. എന്നാൽ പ്രതിബദ്ധതയും സൗഹൃദവും അടയാളപ്പെടുത്തുന്ന ഘട്ടമായ വിവാഹത്തിൽ അവർ ഒന്നിക്കുമ്പോൾ, താലി ആചാരത്തിന് ആഴത്തിലുള്ള പ്രാധാന്യമുണ്ട്. അവിടെ രണ്ട് പങ്കാളികളും അവരുടെ ഭൂതകാലങ്ങൾ ഉപേക്ഷിച്ച് പുതിയ അധ്യായത്തിലേക്ക് ചുവടുവെക്കുന്നു. ഡ്യൂഡിലെ സംഭാഷണം ആരാണ് എഴുതിയതെന്ന് എനിക്കറിയില്ല, പക്ഷേ താലിയെ മോശമാക്കി ചിത്രീകരിച്ചതിന് ഞാൻ എതിരാണ് -അദ്ദേഹം പറഞ്ഞു.
അതേസമയം, മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ഡ്യൂഡ് തിയറ്ററുകളിലെത്തിയത്. നെറ്റ്ഫ്ലിക്സ് ഡ്യൂഡിന്റെ ഔദ്യോഗിക സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. നവംബർ 14ന് ഹിന്ദി ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഡ്യൂഡ്'. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇ4 എന്‍റർടെയ്ൻമെന്‍റാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

