'സ്റ്റോപ്പ് ഇസ്രായേൽ'; ഗസ്സയിൽ കൂട്ടക്കൊല ചെയ്ത കുഞ്ഞുങ്ങളുടെ പേരെഴുതിയ ടീഷർട്ട് ധരിച്ച് ജൂലിയൻ അസാൻജ് കാൻ വേദിയിൽ
text_fieldsപാരീസ്: ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കൊല ചെയ്ത കുഞ്ഞുങ്ങളുടെ പേരെഴുതിയ ടീഷർട്ട് ധരിച്ച് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് കാൻ ചലച്ചിത്ര വേദിയിൽ. ഗസ്സയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സിൽ താഴെയുള്ള 4986 കുഞ്ഞുങ്ങളുടെ പേരെഴുതിയ ടീഷർട്ട് ധരിച്ചാണ് അസാൻജ് ഇസ്രായേൽ വംശഹത്യക്കെതിരായ തന്‍റെ പ്രതിഷേധം ലോകവേദിയിൽ പ്രകടിപ്പിച്ചത്. ടീഷർട്ടിന്‍റെ പിറകിൽ 'സ്റ്റോപ്പ് ഇസ്രായേൽ' എന്നും എഴുതിയിരുന്നു.
തന്നെ കുറിച്ച് അമേരിക്കന്‍ ചലച്ചിത്ര നിർമാതാവ് യൂജിന്‍ ജാരെക്കി സംവിധാനം ചെയ്ത 'ദി സിക്സ് ബില്യണ്‍ ഡോളര്‍മാന്‍' എന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് അസാൻജ് കാനിൽ എത്തിയത്. ഗസ്സയില്‍ നടക്കുന്ന വംശഹത്യയെക്കുറിച്ച് അദ്ദേഹം വേദിയില്‍ സംസാരിക്കുകയും ചെയ്തു. തടവിനും നാടുകടത്തലിനുമെതിരായ അസാൻജിന്‍റെ പോരാട്ടമാണ് ഡോക്യുമെന്‍ററിയിൽ പറയുന്നത്. വിക്കിലീക്സിന്‍റെ ദൃശ്യങ്ങളും ഇതുവരെ പുറത്തുവിടാത്ത തെളിവുകളും അടക്കം ഉൾപ്പെടുത്തിയാണ് ഡോക്യുമെന്‍ററി തയാറാക്കിയത്.
ഗസ്സയിൽ ഇസ്രായേൽ സൈന്യം തുടരുന്ന നരനായാട്ടിൽ 55,000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. 16,000ലേറെ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടിവരിലുൾപ്പെടുമെന്നാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്.
കഴിഞ്ഞ ജൂണിലാണ്, യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ തടവിൽ കഴിയുകയായിരുന്ന ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായത്. 2010ലും 2011ലും അമേരിക്കയെ നടുക്കി സൈനിക രഹസ്യങ്ങളും നയതന്ത്രരേഖകളുമടക്കമുള്ള വിവരങ്ങൾ വിക്കിലീക്സ് പരസ്യപ്പെടുത്തിയതിനെ തുടർന്നാണ് അസാൻജ് യു.എസിന്റെ കണ്ണിലെ കരടായത്. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ അസാൻജിനെ ശത്രുവായി പ്രഖ്യാപിച്ച യു.എസ് പിടികൂടി വിചാരണ നടത്താൻ ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
അസാൻജ് 2019ൽ ഇംഗ്ലണ്ടിൽ അറസ്റ്റിലായിരുന്നു. യു.എസുമായുള്ള കരാർ പ്രകാരം കുറ്റസമ്മതം നടത്തിയതോടെയാണ് അസാൻജ് ജയിൽമോചിതനായത്. ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചാൽ ഇതുവരെ ജയിലിൽ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിച്ച് സ്വതന്ത്രനാക്കാമെന്നായിരുന്നു അസാൻജും യു.എസും തമ്മിലുള്ള ധാരണ. 175 വർഷം വരെ തടവ് ലഭിക്കാവുന്ന 18 കുറ്റങ്ങളാണ് അമേരിക്ക അസാൻജിനെതിരെ ചുമത്തിയത്. എന്നാൽ, ധാരണ പ്രകാരം ഈ ശിക്ഷകൾ ഒഴിവാക്കുകയായിരുന്നു. ജയിൽമോചനത്തിന് പിന്നാലെ അസാൻജ് സ്വദേശമായ ആസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

