തലപ്പത്തിരിക്കുന്നത് വിവരമില്ലാത്തവർ; 'അമ്മ'യിൽ അംഗത്വം വേണ്ട, ഫീ തിരിച്ചുതരണം -ജോയ് മാത്യു
text_fieldsകൊച്ചി: താരസംഘടനയായ 'അമ്മ' ക്ലബാണെന്ന ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ നടൻ ജോയ് മാത്യു. നിലവിൽ മറ്റൊരു ക്ലബ്ബിൽ അംഗത്വമുണ്ട്. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തണം. അല്ലെങ്കിൽ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരണമെന്നും ജോയ് മാത്യു വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തും നൽകി.
സന്നദ്ധ സംഘടനയായത് കൊണ്ടാണ് ഒരു ലക്ഷം രൂപ നല്‍കി അമ്മയിൽ അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അംഗത്വ ഫീ തിരിച്ചു തരണം. അമ്മ സെക്രട്ടറി വിവരക്കേട് പറയുകയാണ്. അത് തിരുത്തണം. നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അര്‍ഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് ജോയ് മാത്യു ചോദിച്ചു.