സാമ്പത്തിക പ്രതിസന്ധി: ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി
text_fieldsമുംബൈ: രാജ്യത്തെ വൈവിധ്യമാർന്ന സിനിമാ ശബ്ദങ്ങളെ ആഘോഷിക്കുന്ന വേദിയായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി സംഘാടകർ അറിയിച്ചു. കോവിഡ് മഹാമാരി കാരണം 2021ൽ മാറ്റിവെച്ച ഫെസ്റ്റിവൽ 2022 മാർച്ചിൽ നടത്തുമെന്നായിരുന്നു നേരത്തെ സംഘാടകർ പറഞ്ഞിരുന്നത്. മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജിന്‍റെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നത്.
ഫെസ്റ്റിവൽ റദ്ദാക്കിയത് കൂടുതൽ ബാധിക്കുക ചലച്ചിത്രമേളകളിലൂടെ മാത്രം സൃഷ്ടികൾ പ്രദർശിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്ന സ്വതന്ത്ര സിനിമാ സംവിധായകരെയാണ്. കൂടാതെ രാജ്യത്തെ നാനാഭാഗത്തുള്ള ചലച്ചിത്ര പ്രേമികൾക്ക് ഒത്തുച്ചേരാനുള്ള ഒരു വേദിയും ഇതിലൂടെ നഷ്ടമാകും. കോവിഡ് തുടർന്നു പോകുന്നത് കൊണ്ട് അഭിമുഖീകരിക്കേണ്ടി വരുന്ന ലോജിസ്റ്റിക്, സാമ്പത്തിക പ്രതിസന്ധികൾ കാരണം മാർച്ചിൽ ഫിലിം ഫെസ്റ്റിവൽ നടത്തൽ അസാധ്യമാണെന്നാണ് സംഘാടകർ പറയുന്നത്.
എന്നാൽ ഫെസ്റ്റിവലിന്‍റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഡിജിറ്റൽ സ്ക്രീനിംഗ് പ്ലാറ്റ്‌ഫോമിൽ (Shift72) സിനിമകൾ പ്രദർശിപ്പിക്കുന്നത് തുടരുമെന്നും ഈ വർഷം അവസാനിക്കുന്നതിന് മുമ്പായി ഒരു ഓൺ-ഗ്രൗണ്ട് സ്ക്രീനിങ് നടത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ ജിയോയാണ് ഫെസ്റ്റിവലിന്‍റെ ടൈറ്റിൽ സ്പോൺസർ. നിത അംബാനി ഫെസ്റ്റിവൽ ബോർഡ് ഓഫ് ട്രസ്റ്റിയുടെ സഹ അധ്യക്ഷയാണ്. മഹീന്ദ്ര ഗ്രൂപ്പ് തലവൻ ആനന്ദ് മഹീന്ദ്ര, പിവിആർ സിനിമാസ് ചെയർപേഴ്‌സൺ അജയ് ബിജിലി, സോയ അക്തർ, വിക്രമാദിത്യ മോട്‌വാനെ, സിദ്ധാർത്ഥ് റോയ് കപൂർ, ഇഷ അംബാനി തുടങ്ങിയവർ ട്രസ്റ്റിയിൽ ഉൾപ്പെടുന്നു. 2021 ആഗസ്റ്റിൽ പ്രിയങ്ക ചോപ്ര ജോനാസ് മാമിയുടെ പുതിയ ചെയർപേഴ്‌സണായി ചുമതലയേറ്റിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.