'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെ എബ്ബും പുരുഷ കാപട്യത്തെ തുറന്നുകാട്ടുന്നു'; പുതിയ ചിത്രത്തെകുറിച്ച് ജിയോ ബേബിയും ദിവ്യ പ്രഭയും
text_fieldsജിയോ ബേബി, ദിവ്യ പ്രഭ
തങ്ങളുടെ പുതിയ ഫീച്ചർ ചിത്രമായ എബ്ബിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ സന്തോഷം പങ്കുവെച്ചു സംവിധായകൻ ജിയോ ബേബിയും നടി ദിവ്യ പ്രഭയും. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കുകയായിരുന്നു ഇവർ. ഏകഭാര്യത്വവും, ബഹുഭാര്യത്വവും, പ്രണയവും അതിലുള്ള പൊസസ്സീവ്നെസ്സും തുറന്നുകാട്ടുന്ന ഏറെ സാമൂഹിക പ്രാധാന്യമുള്ള ഒരു സിനിമയാകും എബ്ബ് എന്നാണ് വിലയിരുത്തൽ.
മമ്മൂട്ടി ചിത്രം കാതലിനുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം എന്ന പ്രത്യേകതയും എബ്ബിനുണ്ട്. 2024ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ സംവിധായിക പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഉൾപ്പെടെയുള്ള ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് ദിവ്യ പ്രഭ. എബ്ബ് സിനിമയിലും ദിവ്യ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
2022 മുതൽ എബ്ബ് ഉൾപ്പെടെ അഞ്ച് സിനിമകളിൽ മാത്രമേ ദിവ്യ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, ഓരോ കഥാപാത്രങ്ങളും മറ്റുള്ളവയിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ശക്തവും സമൂഹ്യ മൂല്യമുള്ളതുമായ കഥാപാത്രങ്ങളെ പൂർണ പ്രതിബദ്ധതയോടെയാണ് ദിവ്യ പ്രഭ അവതരിപ്പിച്ചത്. എബ്ബിൽ മരിയ എന്ന കഥാപാത്രത്തെയാണ് ദിവ്യ അവതരിപ്പിക്കുന്നത്. പലരും ഇമേജിനെക്കുറിച്ചുള്ള ആശങ്ക കാരണം വേണ്ടെന്നുവച്ച കഥാപാത്രങ്ങളെപോലും അതിന്‍റെ സത്വം ഉൾക്കൊണ്ട് അവതരിപ്പിക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കാറ് എന്ന ചോദ്യത്തിന്, “ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചോ ചിന്തിച്ചോ എനിക്ക് ഒരു സിനിമയിൽ പ്രവർത്തിക്കാൻ സാധിക്കില്ല. ഒന്നാമതായി, സിനിമയോടുള്ള സംവിധായകന്റെ ഉദ്ദേശ്യം എനിക്ക് വളരെ പ്രധാനമാണ്. സിനിമ പ്രാധാന്യമുള്ളതാക്കുന്നതിൽ അവർ എത്രത്തോളം ആത്മാർഥതയും സത്യസന്ധതയും പുലർത്തുന്നു എന്നതും പ്രധാനപ്പെട്ടതാണ്. പിന്നെ, ഞാൻ മുമ്പ് അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമാണോ എന്നതും എന്നെ സംബന്ധിച്ചിടത്തോളം ഒരു ഘടകമാണ്. ഒരു നടി എന്ന നിലയിൽ കൂടുതൽ വൈവിധ്യമാർന്ന വേഷങ്ങൾ ഏറ്റെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു തരത്തിലുള്ള നിയന്ത്രണവും എന്നിൽ ഉണ്ടാകരുതെന്നും ഞാൻ ആഗ്രഹിക്കുന്നു” -ഐ.എഫ്.എഫ്.കെ വേദിയിൽ ദിവ്യ പ്രഭ പറഞ്ഞു.
ദേശീയതലത്തിൽ പ്രശംസ നേടിയ തന്റെ സിനിമയായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (2021) പോലെതന്നെ, എബ്ബും പുരുഷ കാപട്യത്തെ അതിശയകരമായി തുറന്നുകാട്ടുന്ന ചിത്രമാണെന്ന് സംവിധായകൻ ജിയോ ബേബി പറഞ്ഞു. പുരുഷാധിപത്യ സമൂഹത്തിൽ ഇത്തരം സിനിമകൾ വളരെ അപൂർവമായി മാത്രമേ കാണാനാകൂ. പുരുഷാധിപത്യത്തെ കുറിച്ച് ഇത്രയും വിമർശനാത്മകമായ ഒരു സൃഷ്ടി എങ്ങനെ വികസിപ്പിച്ചെടുത്തു എന്ന് ചോദിച്ചപ്പോൾ, കൃത്യമായ ഉത്തരമില്ലെന്ന് ജിയോ ബേബി സമ്മതിക്കുന്നു. എന്നിരുന്നാലും തന്റെ ചിന്തകളുടെ പരിണാമത്തിൽ പങ്കാളിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വെളിപെടുത്തി.
വെറും ആറ് ദിവസത്തിനുള്ളിലായിരുന്നു എബ്ബിന്‍റെ ചിത്രീകരണം. 'ഈ സിനിമ ഒരു മനുഷ്യന്റെ മാനസികാരോഗ്യത്തെക്കുറിച്ച് കൂടിയാണ്. പുരുഷന്മാർ എന്തുകൊണ്ട് ഇങ്ങനെ? എന്നാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. അത്തരമൊരു ചിന്താഗതി സ്വാഭാവികമായി സംഭവിക്കുന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

