ജീത്തു ജോസഫിന്‍റെ ‘മിറാഷ്’ ഒ.ടി.ടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
text_fieldsഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻനിർത്തിക്കൊണ്ട് ആസിഫ് അലിയേയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന മിറാഷ് ഒ.ടി.ടിയിലേക്ക്. ഒക്ടോബർ 23ന് ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. സെപ്റ്റംബർ 19നായിരുന്നു വേൾഡ് വൈഡ് റിലീസ്. ആസിഫിനും അപർണക്കുമൊപ്പം ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ശ്യാം ഗോപൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രമാണിത്. വളരെ പതുക്കെപ്പോവുന്ന ആദ്യപകുതിയും ട്വിസ്റ്റുകൾ നിറഞ്ഞ ചടുലമായ രണ്ടാംപകുതിയുമായി ശ്രദ്ധയോടെ നെയ്തെടുത്ത സിനിമയാണ് മിറാഷ്. വലിയ അവകാശവാദങ്ങളില്ലാതെയാണ് മിറാഷ് തിയറ്ററുകളിലെത്തിയത്. പ്രമോഷന്റെ ബഹളങ്ങളുമുണ്ടായിരുന്നില്ല. ‘മിറാഷ്’ ഹിന്ദിയിൽ നിർമിക്കാനുദ്ദേശിക്കുകയും നടക്കാതെ വന്നപ്പോൾ മലയാളത്തിൽ ചെയ്യുകയുമായിരുന്നുവെന്ന് ജിത്തുജോസഫ് വ്യക്തമാക്കിയിരുന്നു.
ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. ആസിഫ് അലിയുടെ ഏറെ ചർച്ചയായി മാറിയ 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് മിറാഷ്.
പതിയെത്തുടങ്ങി ചുവടുറപ്പിച്ച ശേഷം വേഗത കൈവരിക്കുംവിധമാണ് മിറാഷ് എന്ന ത്രില്ലറിനെ ജീത്തു ജോസഫ് രൂപപ്പെടുത്തിയിരിക്കുന്നത്. കഥാപാത്രങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയ ശേഷമാണ് ഈ വേഗത മാറ്റമെന്നതാണ് ശ്രദ്ധേയം. ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഭിരാമി, കിരൺ, റിതിക എന്നിവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി അശ്വിൻ കുമാർ എന്ന ഓൺലൈൻ മാധ്യമപ്രവർത്തകൻ കടന്നുവരുന്നു. അതിനിടയാക്കിയ ആ സാഹചര്യമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. അശ്വിനും മൂവർ സംഘവും നടത്തുന്ന അതിസാഹസികമായ യാത്രയാണ് ചിത്രം പിന്നീട് സംസാരിക്കുന്നത്. ഒരു ഘട്ടത്തിൽ ചിത്രം പസിൽ ത്രില്ലർ അല്ലെങ്കിൽ മൈൻഡ് ഗെയിം ത്രില്ലർ എന്ന രീതിയിലേക്കും പതിയെ ചുവടുമാറ്റുന്നുണ്ട്. ആക്ഷനും ഇമോഷനും ഒരുപോലെ കടന്നുചെല്ലുന്ന കഥാപാത്രമാണ് ആസിഫ് അലി അവതരിപ്പിച്ച അശ്വിൻ. നിസ്സഹായതയും പ്രണയവും പ്രതികാരവും എല്ലാം ഒരുപോലെ സന്നിവേശിപ്പിച്ച കഥാപാത്രമാണ് അപർണ അവതരിപ്പിച്ച അഭിരാമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

