തൃഷയെ കുറെ നേരം നോക്കി നിന്നു; തെറ്റായി വിചാരിക്കുമെന്ന് കരുതി പോയി കാര്യം പറഞ്ഞു- ജയറാം
text_fieldsപൊന്നിയിൻ സെൽവൻ പുറത്ത് ഇറങ്ങുന്നതിന് മുൻപ് തന്നെ താരങ്ങളുടെ ഗെറ്റപ്പ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളായ ഐശ്വര്യ റായി ബച്ചന്റേയും തൃഷയുടേയും ലുക്ക് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മണിരത്നം ചിത്രങ്ങളിൽ നായികമാർ സിമ്പിൾ ലുക്കിൽ അതീവ സുന്ദരികളായിട്ടാണ് എത്തുന്നത്.
പൊന്നിയിൻ സെൽവനിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. നടിമാരെ പോലെ തന്നെ ജയറാമിന്റെ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തൃഷയുടെ ലുക്കിനെ കുറിച്ച് നടൻ ജയറാം പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. കുന്തവി ദേവിയായി എത്തിയ തൃഷയെ താന്‍ കണ്ണെടുക്കാതെ നോക്കിനിന്നുപോയി എന്നാണ് ജയറാം പറഞ്ഞത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'പൊന്നിയിൻ സെൽവനിൽ കുന്തവി ദേവിയെന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. സുന്ദരചോളന്‍റെ കൊട്ടാരത്തിലെ സീന്‍ എടുക്കുമ്പോള്‍ കുന്തവി ദേവി സിംഹാസനത്തില്‍ ഇരിക്കുന്നുണ്ട്. ഞാന്‍ സൈഡില്‍ ഇരുന്ന് കുറേ നേരം അവരുടെ സൗന്ദര്യം ആസ്വദിച്ചു. ഭംഗി നമ്മളെന്തായാലും ആസ്വദിക്കുമല്ലോ, ആണിന്‍റെയും പെണ്ണിന്‍റെയും പ്രകൃതിയുടെയും ഭംഗി നമ്മളെല്ലാവരും ആസ്വദിക്കും. ഒരുപാട് നേരം നോക്കുന്നത് കണ്ടിട്ട് തൃഷ തെറ്റായി വിചാരിക്കുമെന്ന് തോന്നി. അങ്ങനെ അവരോട് പോയി കാര്യം പറഞ്ഞു. 'നല്ല ഭംഗിയായിരിക്കുന്നു, അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ നോക്കിയിരുന്നത്. വേറെയൊന്നും വിചാരിക്കല്ലേ ഇടക്ക് ഇതുപോലെ ഞാന്‍ പറയും' ജയറാം പറഞ്ഞു. കുന്തവി ദേവി എന്ന കഥാപാത്രത്തിന് തൃഷ അത്രയും അനുയോജ്യയായിരുന്നു'; നടൻ കൂട്ടിച്ചേർത്തു
അതുപോലെ രാജരാജ ചോഴനായി വേഷമിട്ട് ജയം രവി നടന്നു വരുമ്പോള്‍ കണ്ണുപെടണ്ട എന്നു ഞാന്‍ പറയുമായിരുന്നു. അത്ര ഭംഗിയാണ്. കാര്‍ത്തി വന്തിയദേവനായപ്പോള്‍ അതിനപ്പുറം വേറെ ആളില്ലെന്ന് തോന്നും. എന്‍റെ ഭാഗം ഷൂട്ട് കഴിഞ്ഞാലും ഞാനവിടെ നില്‍ക്കും ഷൂട്ടിങ് കാണാന്‍. പൊന്നിയിന്‍ സെല്‍വനിലെ ഭൂരിഭാഗം പേരുടെ കൂടെയും ഞാന്‍ മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ അറിയാത്തത് ഐശ്വര്യ റായിയെ മാത്രമാണ്. പക്ഷെ എന്‍റെ കഥാപാത്രത്തെ കണ്ട് 'ജയറാം എക്സലന്‍റ്, എക്സലന്‍റ് പെര്‍ഫോര്‍മന്‍സ്' എന്നു പറഞ്ഞു; ജയറാം അഭിമുഖത്തിൽ പറഞ്ഞു.