റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സെൻസർ കുരുക്ക്; ‘ജനനായകൻ’ പ്രതിസന്ധിയിൽ
text_fieldsവിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജനനായകൻ’. എന്നാലിപ്പോൾ ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. സിനിമയുടെ റിലീസ് തീയതി 2026 ജനുവരി 9 ആണെങ്കിലും ഇതുവരെ സെൻസർ ബോർഡ് ഔദ്യോഗികമായി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഡിസംബർ 19ന് തന്നെ സെൻസർ ബോർഡ് ചിത്രം കണ്ടിരുന്നു. എന്നാൽ ചില ഡയലോഗുകൾ മാറ്റാനും സീനുകൾ കട്ട് ചെയ്യാനും നിർദേശമുണ്ട്.
നിർമാതാക്കൾ ഈ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചിട്ടും സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വൈകുന്നത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. വിജയിയുടെ അവസാന ചിത്രമാണിതെന്നതും സിനിമയുടെ ശക്തമായ രാഷ്ട്രീയ പശ്ചാത്തലവും ഈ കാലതാമസത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) ആരോപിക്കുന്നു. മനഃപൂർവം റിലീസ് തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പാർട്ടി നേതാക്കളുടെ വാദം.
പത്തിലേറെ കട്ടുകൾ നിർദേശിച്ചിരുന്നതായാണ് സൂചന. U/A 16+ സർട്ടിഫിക്കേറ്റ് ആണ് നിർദേശിച്ചത്. മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചിരുന്നു. അതിനുശേഷവും സർട്ടിഫിക്കേറ്റ് നൽകിയില്ല. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തമിഴ്‌നാട്ടിലെ പല പ്രമുഖ തിയറ്ററുകളും അഡ്വാൻസ് ബുക്കിങ് തുടങ്ങിയിട്ടില്ല. എന്നാൽ കേരളം, കർണാടക എന്നിവിടങ്ങളിലും വിദേശത്തും ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
എച്ച്. വിനോദിന്‍റെ സംവിധാനം, രാഷ്ട്രീയ പശ്ചാത്തമുള്ള കഥ, സമകാലിക സാമൂഹിക പ്രശ്നങ്ങൾ എന്നിവയും വിജയുടെ അവസാനചിത്രമെന്ന ആരാധകരുടെ വികാരവും ചിത്രത്തോടുള്ള താൽപര്യം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ജനനായകൻ 2026 ജനുവരി ഒമ്പതിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ചിത്രം നേടിയ പല റെക്കോഡുകളും ബോക്‌സ് ഓഫിസിൽ വലിയ വിജയം നേടുമെന്ന സൂചനയായാണ് സിനിമ വ്യാപാരരംഗം വിലയിരുത്തുന്നത്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ആമസോൺ പ്രൈം വിഡിയോക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് അവകാശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

