വി.ജാനകിയായാൽ പ്രശ്നമില്ല; 'ജെ.എസ്.കെ'ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദർശനാനുമതി
text_fieldsജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ)ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദർശനാനുമതി. എഡിറ്റ് ചെയ്ത പതിപ്പിനാണ് അനുമതി ലഭിച്ചത്. പേരിനെച്ചൊല്ലി വിവാദമായ ‘ജെ.എസ്.കെ’ സിനിമയുടെ ടൈറ്റിലിൽ ജാനകി എന്ന പേരിനൊപ്പം ‘വി’ എന്നുകൂടി ചേർത്താൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഇത് നിർമാതാക്കൾ ഹൈകോടതിയിൽ സമ്മതിക്കുകയായിരുന്നു. തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫിസിൽ എഡിറ്റ് ചെയ്ത പതിപ്പ് സമർപ്പിച്ച ശേഷമാണ് പ്രദർശനാനുമതി ലഭിച്ചത്.
ചിത്രത്തിന്റെ പേര് ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുകയും കോടതി രംഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യുകയും ചെയ്തു. മാറ്റംവരുത്തി സമർപ്പിച്ചാൽ മൂന്നുദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകുമെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു. ഹരജി ജൂലൈ 16ന് വീണ്ടും പരിഗണിക്കും. സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ കോടതിയെ സമീപിച്ചിരുന്നു.
ഹരജി പരിഗണിക്കവേ, സിനിമയുടെ തുടക്കത്തിൽ ‘മതപരമായി പ്രാധാന്യമുള്ള ജാനകിയെന്ന പേരുമായി കഥാപാത്രത്തിന് ബന്ധമില്ല’ എന്ന് എഴുതിക്കാണിച്ചാൽ മതിയാകുമോയെന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ, പേര് മാറ്റം ഒഴിവാക്കാനാവില്ലെന്ന നിലപാടിൽ സെൻസർ ബോർഡിന്റെ അഭിഭാഷകൻ ഉറച്ചുനിന്നു. തുടർന്ന് ഹരജി പരിഗണിച്ചപ്പോഴാണ് മാറ്റങ്ങൾക്ക് തയാറാണെന്ന് നിർമാതാക്കൾ അറിയിച്ചത്.
സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകൻ. കേന്ദ്രമന്ത്രി ആയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണിത്. പ്രവീൺ നാരായണനാണ് സംവിധാനം. ചിത്രത്തിന്റെ പേരിലും നായികയുടെ പേരിലും ജാനകി പേര് വന്നതാണ് വിവാദത്തിന് കാരണമായത്. രാമായണത്തിലെ സീതയുടെ മറ്റൊരു പേരാണ് ജാനകിയെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

