വിജയ്‌യെ സിനിമ വെച്ച് ബ്ലാക്ക്‌മെയിൽ ചെയ്യണ്ട; 'ജനനായകൻ' വൈകുന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് പിതാവ് എസ്.എ. ചന്ദ്രശേഖർ
text_fields1.നടനും തമിഴക വെട്രി കഴക നേതാവുമായ വിജയ് 2.പിതാവ് എസ്.എ. ചന്ദ്രശേഖർ
ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അദ്ദേഹത്തിന് മേൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നതായി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) വരവ് തമിഴ്‌നാട് ഭരിക്കുന്ന ദ്രാവിഡ പാർട്ടികളെ വിറപ്പിച്ചിരിക്കുകയാണെന്നും അതിന്റെ പ്രതിഫലനമാണ് പുതിയ ചിത്രം 'ജനനായകൻ' റിലീസ് ചെയ്യാൻ അനുവദിക്കാത്തതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെ രാഷ്ട്രീയ ആയുധമാക്കി വിജയ്‌യെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിക്കരുത്. 'ജനനായകൻ' റിലീസ് ചെയ്യാത്തതിന്റെ യഥാർത്ഥ കാരണം നാട്ടുകാർക്ക് എല്ലാവർക്കും അറിയാം. അത് വെറും സാങ്കേതിക പ്രശ്നമല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള തടസ്സങ്ങളാളാണെന്ന് ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 60 വർഷമായി തമിഴ്‌നാട് ഭരിക്കുന്നത് ദ്രാവിഡ പാർട്ടികളാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ഈ രാഷ്ട്രീയ ശക്തികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. എന്നാൽ വിജയ് ഇത്തരം സമ്മർദ്ദങ്ങളിൽ ഭയപ്പെടില്ല. അദ്ദേഹം ഇപ്പോൾ വെറുമൊരു നടനല്ല, ജനങ്ങളുടെ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമതർക്കത്തിൽ വിജയ് ആരാധകർക്ക് വീണ്ടും നിരാശ നൽകുന്ന വാർത്തയാണ് ഏതാനം ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നത്. തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ മതിയായ സമയം നൽകിയില്ല എന്ന സെൻസർ ബോർഡിന് വാദം അംഗീകരിച്ച കോടതി മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പ്രകാരം സിംഗ്ൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കി, വിഷയം വീണ്ടും വിശദമായ വാദത്തിനായി സിംഗ്ൾ ബെഞ്ചിന് തന്നെ കൈമാറിയിരിക്കുകയാണ്. നേരത്തെ ഈ സിനിമക്ക് 'UA' സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട സിംഗ്ൾ ബെഞ്ച് നടപടിയിൽ സ്വാഭാവിക നീതി പാലിക്കപ്പെട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് വീണ്ടും പുതിയ വാദത്തിനായി മടക്കിയത്. ഇതോടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും സിനിമ റിലീസ് ചെയ്യുന്നതിനും ഇനിയും നിയമപരമായ കടമ്പകൾ ബാക്കിയുണ്ട്. ജനുവരി 9ന് പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം രാഷ്ട്രീയമായ കാരണങ്ങളാലും സെൻസർ ബോർഡുമായുള്ള തർക്കത്താലുമാണ് അനിശ്ചിതത്വത്തിലായത്. രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വിജയ്‌യുടെ അവസാനത്തെ ചിത്രമാണ് ‘ജനനായകൻ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

