'എല്ലാവരും ക്രിമിനൽ നടപടിക്രമങ്ങൾ നേരിടേണ്ടി വരും'; വിജയ് ചിത്രം ജനനായകന്‍ ദൃശ്യങ്ങൾ ചോർന്നതിൽ നിയമനടപടിയുമായി അണിയറപ്രവർത്തകർ
text_fieldsതമിഴ് സൂപ്പർ സ്റ്റാർ വിജയ്യുടെ അവസാന ചിത്രമായ ജനനായകനിലെ സുപ്രധാന ദൃശ്യങ്ങൾ ചോർന്നത് ഇതിനകം തന്നെ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇപ്പോളിതാ കർശനമായ നിയമ നടപടികൾക്കൊരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. രാഷ്ട്രീയ പ്രവേശനത്തിനു മുമ്പുള്ള വിജയ്യുടെ അവസാന ചിത്രമായിരുന്നു ജനനായകൻ. എച്ച്. വിനോദ് സംവിധാനം ചെയ്ത സിനിമയുടെ ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, ഗാനരംഗങ്ങൾ എന്നിവയുടെ എച്ച്.ഡി പതിപ്പുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ പല ഭാഗങ്ങൾ കട്ട് ചെയ്ത് ക്ലിപ്പുകളായാണ് പ്രചരിക്കുന്നത്. സെൻസർ നടപടികൾ പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ ഇത്തരമൊരു ചോർച്ച സംഭവിച്ചത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡിന്റെ ഇടപെടലോടെയാണ് പ്രതിസന്ധിയിലായത്. സിനിമയിലെ രാഷ്ട്രീയ പരാമർശങ്ങളും ചില രംഗങ്ങളും നീക്കം ചെയ്യാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന നിലപാടിലാണ് സെൻസർ ബോർഡ്. തുടർന്ന് നിയമപോരാട്ടത്തിലൂടെ ചിത്രം തിയറ്ററിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്.
500 കോടിയോളം രൂപ ചിലവിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ചിത്രത്തിലെ നിരവധി ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടു. ജനനായകൻ സിനിമയുടെ ഏതെങ്കിലും രംഗങ്ങളോ ക്ലിപ്പുകളോ വാട്സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്,എക്സ് , യൂട്യൂബ് തുടങ്ങി ഏതെങ്കിലും ഡിജിറ്റൽ മാധ്യമങ്ങൾ വഴി ഡൗൺലോഡ് ചെയ്യുക, റീപോസ്റ്റ് ചെയ്യുക, ഫോർവേഡ് ചെയ്യുക, ഷെയർ ചെയ്യുക, അപ്ലോഡ് ചെയ്യുക, റീപോസ്റ്റ് ചെയ്യുക, തുടങ്ങിയവ ഗുരുതരമായ ക്രിമിനൽ കുറ്റവും പകർപ്പവകാശ ലംഘനവുമാണ്. ഇതിൽ ഉൾപ്പെട്ട ഓരോ വ്യക്തിയും ക്രിമിനൽ നടപടികൾക്ക് വ്യക്തിപരമായി ബാധ്യസ്ഥരായിരിക്കുമെന്ന് കെ.വി.എൻ പ്രൊഡക്ഷൻസിന്‍റെ ലീഗൽ അഡ്വൈസർ പറഞ്ഞു. സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതിനെതിരെ ശക്തമായ നിയമനടപടികൾക്കാണ് നിർമാണ കമ്പനിയായ കെ.വി.എൻ പ്രൊഡക്ഷൻസിന്‍റെ നിയമ വിഭാഗം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

