കേരളത്തിൽ 'ജനനായകൻ' എത്താൻ വൈകും; ആദ്യദിന പ്രദർശനം രാവിലെ നാല് മണിക്ക് നടക്കില്ല...
text_fieldsവിജയ് ചിത്രം ജനനായകന്റെ കേരളത്തിലെ ആദ്യദിന പ്രദർശനം വൈകുമെന്ന് വിതരണക്കാരായ എസ്.എസ്.ആർ എന്റർടൈൻമെന്റ്‌സ്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ആദ്യ ഷോ മുമ്പ് പ്രഖ്യാപിച്ച സമയത്തേക്കാൾ വൈകുമെന്ന് വിതരണക്കാർ പ്രഖ്യാപിച്ചു. ജനുവരി ഒമ്പതിന് പുലർച്ചെ നാല് മണിക്ക് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും റിലീസ് ദിവസം രാവിലെ ആറ് മണിക്കായിരിക്കും ചിത്രത്തിന്‍റെ ആദ്യ പ്രദർശനമെന്നാണ് എസ്.എസ്.ആർ എന്റർടൈൻമെന്റ്‌സ് അറിയിച്ചത്.
'ജന നായകന്റെ ആദ്യ ഷോ കേരളത്തിൽ പുലർച്ചെ 4:00 മണിക്ക് നടത്താൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തി. തുടക്കത്തിൽ, രാവിലെ 4:00 ഷോക്കുള്ള അനുമതി നിർമാതാവിന്റെ ഭാഗത്തുനിന്ന് ലഭിച്ചു. എന്നാൽ നിലവിലെ സാഹചര്യവും തമിഴ്‌നാട്ടിലെ ചില പ്രശ്‌നങ്ങളും കാരണം, രാവിലെ 4:00 മണിയുടെ ഷോ ലൈസൻസ് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതിനാൽ, കേരളത്തിലെ ജന നായകന്റെ ആദ്യ ഷോ രാവിലെ 6:00 മണിക്കായിരിക്കും. ഉണ്ടായ അസൗകര്യത്തിൽ കേരളത്തിലെ എല്ലാ ദളപതി ആരാധകരോടും ഞങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ജനുവരി 09ന് രാവിലെ 6:00ന് നടക്കുന്ന ഷോക്ക് ആരാധകർ പൂർണഹൃദയത്തോടെ പിന്തുണ നൽകുകയും ഒരു വലിയ വിജയമാക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' -എസ്.എസ്.ആർ എന്റർടൈൻമെന്റ്‌സ് അറിയിച്ചു.
പൂർണ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നതിന് മുമ്പുള്ള നടന്റെ അവസാന സിനിമയാണ് ജനനായകൻ. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് പൊലീസ് ഓഫിസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. പൂജ ഹെഗ്‌ഡെയും ബോബി ഡിയോളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, മമിത ബൈജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാക്കൾ ജഗദീഷ് പളനിസാമി, ലോഹിത് എൻകെ എന്നിവരാണ്. അനിരുദ്ധ് രവിചന്ദർ സംഗീതവും സത്യൻ സൂര്യൻ കാമറയും പ്രദീപ് ഇ. രാഗവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 2026 പൊങ്കൽ റിലീസിലായി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

