എന്നാ സാറേ...മനസ്സിലായോ...; ജയിലർ 2ൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങി വിനായകനും മോഹൻലാലും
text_fieldsനെൽസൻ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലറിൽ പ്രധാന വില്ലൻ കഥാപാത്രമായെത്തി ആദ്യ ഭാഗത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് വിനായകൻ. സിനിമയുടെ അവസാനം വിനായകന്‍റെ വർമൻ എന്ന കഥാപാത്രം കൊല്ലപ്പെടുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്ന വേളയിൽ താനും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് താരം.
എന്നാൽ അതെങ്ങനെയാണ്, എത്തരത്തിലാണ് കഥാപാത്രത്തെ സംവിധായകൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകിയിട്ടില്ല. തന്‍റെ ഏറ്റവും പുതിയ ചിത്രം കളങ്കാവലിന്‍റെ പ്രൊമോഷനിടെ സംസാരിക്കവെയാണ് ജയിലർ 2ൽ താൻ എത്തുന്നു എന്ന വിവരം താരം പുറത്തുവിട്ടത്. താൻ ചെയ്തതിൽ വെച്ച് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കോമഡി കഥാപാത്രമായിരുന്നു ജയിലറിലേതെന്നും വിനായകൻ കൂട്ടിച്ചേർത്തു.
സിനിമയിൽ മോഹൻലാലും അതിഥി വേഷത്തിലെത്തിയിരുന്നു. ജീത്തു ജോസഫിന്‍റെ ദൃശ്യം 3യുടെ ചിത്രീകരണം ഇന്നലെ അവസാനിച്ച വിഡിയോ സോഷ്യൽ മീഡിയിൽ മോഹൻലാൽ പങ്കുവെച്ചിരുന്നു. ഈ വിഡിയോ പങ്കുവെച്ച് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ മോഹൻലാൽ ജയിലർ 2 സിനിമയുടെ സെറ്റിലേക്ക് ജോയിൻ ചെയ്യാനായി ഫ്ലൈറ്റിൽ പോകുന്ന ചിത്രങ്ങൾ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ പങ്കുവെച്ചിട്ടുണ്ട്. മാത്യൂ എന്ന കഥാപാത്രത്തിലെത്തിയ മോഹൻലാൽ മിനുറ്റുകൾ മാത്രമുള്ള തന്‍റെ സ്ക്രീൻ പ്രസൻസ് കൊണ്ടും ഇൻഡ്രോ സിൻകൊണ്ടും തിയറ്ററിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.
2023ലെ ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ജയിലർ. കോളിവുഡിലെ എക്കാലത്തെയും വലിയ പണംവാരി പടങ്ങളിലൊന്നായി മാറിയ ചിത്രം ആഗോള ബോക്സ് ഓഫിസില്‍ 600 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോക്കൊപ്പം ജയിലർ 2ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയറ്ററിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

