സ്വാഗ് ഒട്ടും ചോരാതെ 'രജനിയും ലാലേട്ടനും'; മാസ്സ് ആക്ഷൻ വിരുന്നൊരുക്കി 'ജയിലർ 2' ട്രെയിലർ
text_fieldsചെന്നൈ: തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'ന്റെ ആക്ഷൻ പാക്ക്ഡ് ട്രെയിലർ പുറത്തിറങ്ങി. ആദ്യ ഭാഗം സംവിധാനം ചെയ്ത നെൽസൺ ദിലീപ് കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. പ്രേക്ഷകർക്ക് മികച്ചൊരു മാസ്സ് എന്റർടെയ്‌നർ വിരുന്നാണ് അണിയറപ്രവർത്തകർ കാത്തുവെച്ചിരിക്കുന്നതെന്ന് ഉറപ്പുനൽകുന്നതാണ് പുതിയ ട്രെയിലർ. ചിത്രം ഒക്ടോബർ 15-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ആദ്യ ഭാഗത്തിൽ വിനായകൻ അവതരിപ്പിച്ച 'വർമൻ' എന്ന വില്ലൻ കഥാപാത്രത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തേടിയുള്ള ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ യാത്രയാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിൽ പ്രധാന പ്രതിനായക വേഷത്തിൽ എത്തുന്നത്. വർമന്റെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് സുരാജിന്റെ കഥാപാത്രത്തെ ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിൽ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും കൊലമാസ്സ് ലുക്കിൽ തന്നെ കാമിയോ റോളിൽ എത്തുന്നുണ്ട്.
ബോളിവുഡ് താരം വിദ്യാ ബാലൻ, കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. മലയാളികൾക്ക് ഏറെ ആവേശം പകരുന്നതാണ് ജയിലർ 2-ലെ താരനിര. മോഹൻലാലിനും സുരാജിനും പുറമെ വലിയൊരു മലയാളി സാന്നിധ്യം തന്നെ ചിത്രത്തിലുണ്ട്. ഹക്കിം ഷാ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ, സുനിൽ സുഗത, ഷംന കാസിം, രാജേഷ് മാധവൻ, അന്ന രേഷ്മ രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് മലയാളി താരങ്ങൾ.
അനിരുദ്ധ് രവിചന്ദറിന്റെ മാസ്സ് പശ്ചാത്തല സംഗീതവും വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണവും ട്രെയിലറിന് കൂടുതൽ മിഴിവേകുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെയും കർണാടകത്തിലെയും വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസാണ് സ്വന്തമാക്കിയിരിക്കുന്നത്. അതിനാൽ കേരളത്തിൽ എക്കാലത്തെയും വലിയ റിലീസുകളിലൊന്നാകും 'ജയിലർ 2'. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
2023-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ആഗോള തലത്തിൽ 600 കോടിയിലധികം രൂപ സ്വന്തമാക്കി ചരിത്രവിജയം നേടിയിരുന്നു. പുതിയ ട്രെയിലർ കൂടി എത്തിയതോടെ അതേ വിജയം രണ്ടാം ഭാഗവും ആവർത്തിക്കുമെന്ന ഉറപ്പിലാണ് രജനി ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

