'ജയിലർ 2' ആദ്യ ദിനം വാരിയത് 125 കോടി; കേരളത്തിൽ വിജയ് ചിത്രം 'ലിയോ'യെ വീഴ്ത്തി, തലൈവർ താണ്ഡവം
text_fieldsബോക്സ് ഓഫീസിൽ വൻ മുന്നേറ്റവുമായി സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ 2’. നെൽസൺ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം മുതൽ മികച്ച കളക്ഷനും പ്രേക്ഷക പ്രതികരണവുമാണ് നേടുന്നത്. കേരളത്തിൽ വിജയ് ചിത്രം ‘ലിയോ’യുടെ ആദ്യദിന കളക്ഷൻ റെക്കോഡ് മറികടന്ന ചിത്രം, ആഗോളതലത്തിൽ 125.25 കോടി രൂപ സ്വന്തമാക്കി.
കേരളത്തിൽ 800 സ്ക്രീനുകളിലായി ഏകദേശം 4,000 ഷോകളോടെയാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. 2023-ൽ പുറത്തിറങ്ങിയ വിജയ്–ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ ‘ലിയോ’ കേരളത്തിൽ നിന്ന് ആദ്യദിനം നേടിയ 12 കോടി രൂപയുടെ റെക്കോഡാണ് ‘ജയിലർ 2’ (12.65 കോടി) മറികടന്നത്. കേരളത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോഡ് 14.07 കോടി രൂപ നേടിയ ‘എമ്പുരാൻ’ നിലനിർത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലും ചിത്രം ശക്തമായ തുടക്കമാണ് കുറിച്ചത്. ആദ്യദിനം 22 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്ന് നേടിയതെങ്കിലും, 35 കോടി രൂപ നേടിയ ‘ലിയോ’യുടെ തമിഴ്നാട് റെക്കോഡ് മറികടക്കാൻ ചിത്രത്തിനായില്ല. എങ്കിലും കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ പ്രധാന വിപണികളിലും ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചു.
താരനിരയും ബോക്സ് ഓഫീസ് പ്രതീക്ഷകളും
രജനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ്കുമാർ, രമ്യ കൃഷ്ണൻ, മിഥുൻ ചക്രവർത്തി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകർന്നിരിക്കുന്നത്. ആദ്യദിനത്തിലെ മികച്ച പ്രകടനം വാരാന്ത്യത്തിലും തുടരുകയാണെങ്കിൽ, തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ കളക്ഷൻ റെക്കോഡുകളിലേക്ക് ചിത്രം എത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരം കോടി ക്ലബ്ബിലേക്കുള്ള ചിത്രത്തിന്റെ മുന്നേറ്റം വരും ദിവസങ്ങളിലെ ബോക്സ് ഓഫീസ് കളക്ഷനെ ആശ്രയിച്ചിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

