വരുന്നു 'ജയ് ഹനുമാൻ'; കാന്താരക്ക് ശേഷം ഋഷഭ് ഷെട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം!
text_fieldsചിത്രത്തിന്‍റെ ചടങ്ങിനിടെ
ഋഷഭ് ഷെട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ജയ് ഹനുമാൻ' അണിയറയിൽ ഒരുങ്ങുന്നു. ഹനുമാന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന ഹംപിയിലെ അഞ്ജനാദ്രി ബേട്ടയിൽ പരമ്പരാഗത പൂജയോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ചിത്രത്തിൽ ഹനുമാനായാണ് ഋഷഭ് ഷെട്ടി എത്തുന്നത് എന്നാണ് സൂചന.
പൂജ ചടങ്ങിൽ ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ക്ലാപ്പ്ബോർഡ് നൽകി. ഹനുമാൻ താരം തേജ സജ്ജ സംവിധാനം ചെയ്ത ആദ്യ ഷോട്ടിനായി അനിൽ തടാനി കാമറ ചലിപ്പിച്ചു. അനിൽ തടാനി, ഭൂഷൺ കുമാർ, നവീൻ യെർനേനി, രവിശങ്കർ എന്നിവർ ചേർന്ന് ചിത്രത്തിന്‍റെ തിരക്കഥ സംവിധായകൻ പ്രശാന്ത് വർമക്ക് കൈമാറി. പ്രീ-പ്രൊഡക്ഷൻ ഇതിനോടകം പുരോഗമിക്കുന്ന ചിത്രത്തിന്റെ റെഗുലർ ഷൂട്ടിങ് ഉടൻ ആരംഭിക്കും.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മികച്ച ദൃശ്യാനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ. വിശ്വാസം, ധൈര്യം, ആത്മീയ പാരമ്പര്യം എന്നിവയുടെ ആവിഷ്കാരമായിരിക്കും ചിത്രം. കൈയിൽ ശ്രീരാമ ഭഗവാന്റെ വിഗ്രഹം ആദരവോടെ പിടിച്ച്, കാലിൽ ഇരിക്കുന്ന ഭഗവാൻ ഹനുമാന്‍റെ രൂപത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ റിഷഭ് ഷെട്ടിയെ അവതരിപ്പിച്ചത്.
തകർക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം കലിയുഗത്തിൽ നടക്കുന്ന വമ്പൻ ആക്ഷൻ ചിത്രമായാണ് പ്രശാന്ത് വർമ ഒരുക്കാൻ പോകുന്നത്. പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ജയ് ഹനുമാൻ. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രം ഉയർന്ന ബജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുന്നത്. ഐമാക്സ് ത്രീഡി ഫോർമാറ്റിലാണ് ജയ് ഹനുമാൻ ചിത്രീകരിക്കുന്നത്.
രചന, സംവിധാനം: പ്രശാന്ത് വർമ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, നിർമാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ, അവതാരകർ: ടി സീരീസ്, ഛായാഗ്രഹണം: എസ് തിരുനാവുക്കരശു, സംഗീത സംവിധായകൻ: എം.എം. കീരവാണി, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, മാർക്കറ്റിങ്: ഫസ്റ്റ്ഷോ, പി.ആർ.ഒ : ശബരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

