മൂന്ന് ദിവസത്തോളം എന്നെ അസ്വസ്ഥനാക്കി; നീരജ് ഗെയ്‌വാന്റെ ഹോംബൗണ്ടിനെ പ്രശംസിച്ച് മാരി സെൽവരാജ്
text_fieldsമാരി സെൽവരാജ്
തമിഴ് ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ മികച്ച സംവിധായകരിൽ ഒരാളായ മാരി സെൽവരാജിനെ അസ്വസ്ഥനാക്കി ഹിന്ദി ചിത്രം ഹോംബൗണ്ട്. നീരജ് ഗെയ്‍വാൻ സംവിധാനം ചെയ്ത ഈ ചിത്രം തന്നെ ദിവസങ്ങളോളം വേട്ടയാടിയെന്നും സിനിമയുടെ യാഥാർത്ഥ്യബോധം തന്നെ ചിന്തിപ്പിച്ചുവെന്നും മാരി പറഞ്ഞു.
'ഒ.ടി.ടിയിലാണ് ഞാൻ ഈ സിനിമ കണ്ടത്. അത് എന്നിൽ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. രണ്ടുമൂന്ന് ദിവസത്തോളം ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു. കൊറോണ ലോക്ക്ഡൗൺ കാലത്തെ നമ്മൾ എത്ര ലാഘവത്തോടെയാണ് കടന്നുപോയതെന്ന് ഞാൻ ചിന്തിച്ചുപോയി. ആ ദിവസങ്ങളിൽ ഞാൻ ആരോടും സംസാരിച്ചിരുന്നില്ല. സിനിമയെ എങ്ങനെ കൂടുതൽ സത്യസന്ധമായും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കാം എന്ന് ഈ ചിത്രം എന്നെ ചിന്തിപ്പിച്ചു' ഇന്ന് മാരി സെൽവരാജ് സുധീർ ശ്രീനിവാസനുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു.
സുഹൃത്തുക്കളായ രണ്ടുപേർ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം അനുഭവിച്ച് പൊലീസ് പരീക്ഷ എഴുതാൻ നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ലോക്ക്ഡൗൺ കാലത്തെ തൊഴിലിടങ്ങളിലെ കഷ്ടപ്പാടും തുടർന്നുള്ള ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തം. ബഷാറത്ത് പീർ 'ന്യൂയോർക്ക് ടൈംസിൽ' എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മസാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നീരജ് ഘൈവാൻ ആണ് സംവിധാനം. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസെ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. 2026ലെ ഓസ്കാർ പുരസ്കാരത്തിനായുള്ള മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.
പാ. രഞ്ജിത്ത് നിർമിച്ച പരിയേറും പെരുമാളാണ് മാരി സെൽവരാജിന്റെ ആദ്യ ചിത്രം. തമിഴകത്തെ ജാതീയ അസമത്വത്തെ വിഷയമാക്കി ഡോകട്ർ ബി.ആർ അംബേദ്കർ മുന്നോട്ട് വച്ച ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ രാഷ്ട്രീയം പറയുന്ന ചിത്രം തമിഴ്നാട്ടിൽ ഏറെ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. പിന്നീട് ധനുഷിനെ നായകനാക്കി കർണൻ സംവിധാനം ചെയ്തു. മാമന്നൻ, വാഴൈ, ബൈസൺ: കാലമാടൻ തുടങ്ങിയ ചിത്രങ്ങളാണ് മാരി സെൽവരാജിന്റെ മറ്റു ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

