ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാൻ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഏറെ നാളായി പെട്ടിയിൽ കിടന്ന ഇർഫാെൻറ 'ദുബൈ റിട്ടേൺ' എന്ന ചിത്രം പ്രേക്ഷകരിലേക്ക്. ബാന്ദ്ര ഫിലിം ഫെസ്റ്റിവലിെൻറ യൂട്യൂബ് ചാനലിലൂടെ ശനിയാഴ്ചയാണ് ഡിജിറ്റൽ റിലീസ്.
ഇർഫാെൻറ മകൻ ബാബിൽ ഖാനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രത്തിെൻറ പോസ്റ്റർ പങ്കുവെച്ചാണ് ബാബബിൽ യൂട്യൂബ് റിലീസിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. തൊപ്പിയണിഞ്ഞ് നിൽക്കുന്ന ഇർഫാെൻറ പോസ്റ്റർ കണ്ട ആരാധകർ ആകാംക്ഷയിലാണെന്ന് പോസ്റ്റിന് താഴെയുള്ള കമൻറുകളിലൂടെ വ്യക്തമാകും.
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലൂടെയായിരുന്നു വേൾഡ് പ്രീമിയർ. 2005ലെ ഐ.എഫ്.എഫ്.ഐയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ചിത്രത്തിെൻറ തിയറ്റർ റിലീസ് വ്യക്തമല്ലാത്ത ചില കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. അനൂപ് സിങ് സംവിധാനം ചെയ്ത ഇർഫാൻ ഖാൻ അഭിനയിച്ച 'സോങ്സ് ഓഫ് സ്കോർപിയോൺസ്' ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
2005ൽ നിർമിച്ച ചിത്രമാണ് ദുബൈ റിട്ടേൺസ്. ചിത്രത്തിൽ അധോലോക നായകനായ അഫ്താബ് അംഗ്രേസ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഇർഫാൻ അവതരിപ്പിച്ചത്. ആദിത്യ ഭട്ടാചാര്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇർഫാനെ കൂടാതെ വിജയ് മൗര്യ, റസാഖ് ഖാൻ, ദിവ്യ ദത്ത എന്നിവർ സുപ്രധാന റോളുകളിലെത്തുന്നു.
അൻവിത ദത്ത സംവിധാനം ചെയ്ത ഖ്വാല എന്ന ചിത്രത്തിലൂടെ ബാബിലും ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുകയാണ്. നടി അനുഷ്ക ശർമ നിർമിച്ച ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 29നാണ് ഇന്ത്യ കണ്ട ഏറ്റവും മികബചച നടൻമാരിൽ ഒരാളായ ഇർഫാൻ അർബുദം ബാധിച്ച് മരിച്ചത്.