മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാെൻറ മകൾ ഇറ ഖാൻ പിതാവിെൻറ ഫിറ്റ്നസ് കോച്ച് നൂപുർ ശിഖാറെയുമായി പ്രണയത്തിലെന്ന് റിപ്പോർട്ട്. ലോക്ഡൗണിനിടെയാണ് ഇരുവരും പ്രണയബദ്ധരായതെന്നും മാതാവ് റീന ദത്തക്ക് നൂപുറിനെ ഇറ പരിചയപ്പെടുത്തിയെന്നും ചില വെബ്സൈറ്റുകൾ വാർത്ത പ്രസിദ്ധീകരിച്ചു.
നേരത്തേ മിഷാൽ കൃപലാനിയുമായി പ്രണയത്തിലായിരുന്നു ഇറ. രണ്ടു വർഷത്തിനുശേഷം 2019 ഡിസംബറിൽ ഇരുവരും പിരിയാൻ തീരുമാനിച്ചു. മിഷാലുമായുള്ള പ്രണയത്തിെൻറ സാക്ഷ്യമായി ഒട്ടേറെ ചിത്രങ്ങൾ ഇറ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. താൻ വിഷാദ രോഗത്തിെൻറ പിടിയിലായിരുന്നുവെന്ന് ഈയിടെ ഇറ തുറന്നുപറഞ്ഞിരുന്നു.
ലോക്ഡൗണിൽ ഫിറ്റ്നസ് സംബന്ധമായി നൂപുറിൽനിന്ന് ഇറ ഉപദേശങ്ങൾ തേടിയിരുന്നു. ഇതിനിടെ, ഇരുവരും അടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആമിർ ഖാെൻറ മഹാബലേശ്വറിലുള്ള ഫാം ഹൗസിൽ ഇരുവരും അവധി ദിനങ്ങൾ ചെലവഴിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ, ഉത്സവങ്ങൾ കൂട്ടുകാരുമൊത്ത് ഇരുവരും ആഘോഷിക്കുന്നത് പതിവായിരുന്നു. ദീപാവലി സമയത്ത് ഇറയുമൊന്നിച്ചെടുത്ത ചിത്രവും ഫിറ്റ്നസ് ട്രെയിനിങ്ങിനിടെ ഇരുവരുമൊത്തുള്ള വിഡിയോകളും നൂപുർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ആമിർ ഖാന് പുറമെ മുൻ മിസ് യൂനിവേഴ്സും നടിയുമായ സുസ്മിത സെന്നിെൻറയും ഫിറ്റ്നസ് ട്രെയിനറായിരുന്നു നൂപുർ.