Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒട്ടിപ്പിടിക്കുന്ന...

ഒട്ടിപ്പിടിക്കുന്ന മൊളഞ്ഞി

text_fields
bookmark_border
ഒട്ടിപ്പിടിക്കുന്ന മൊളഞ്ഞി
cancel
camera_alt

മ​ഹേ​ഷ് മ​ധു

സ​ഹ​താ​പം, വേ​ദ​ന, മ​ര​ണം, വി​ധി എ​ന്നി​ങ്ങ​നെ ന​മ്മ​ൾ കാ​ൻ​സ​റി​നെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല വാ​ക്കു​ക​ളു​ണ്ട്. എ​ന്നാ​ൽ ‘മൊ​ള​ഞ്ഞി’ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം ഈ ​സ്ഥി​രം ഫ്രെ​യി​മു​ക​ളെ പൊ​ളി​ച്ചെ​ഴു​തു​ക​യാ​ണ്

അദൃശ്യമായ ചില നൂലുകളാണ് കുടുംബത്തെ ചേർത്തുനിർത്തുന്നത്. ചക്കച്ചുളകളെയും ചവിണിയെയും ഒരേപോലെ പൊതിഞ്ഞുസൂക്ഷിക്കുന്ന ‘മൊളഞ്ഞി’ അഥവാ ചക്കപ്പശ പോലെയാണത്. സ്നേഹമായാലും ദേഷ്യമായാലും അതിങ്ങനെ ഒട്ടിപ്പിടിച്ചു കിടക്കും. പെട്ടെന്ന് കഴുകിക്കളയാൻ പറ്റില്ല. അതാണ് മഹേഷ് മധു സംവിധാനം ചെയ്ത മൊളഞ്ഞിയുടെ കാതൽ. ഇത് വെറുമൊരു കഥയല്ല. ജീവിതത്തിന്റെ ഏടുകളിൽനിന്ന് അടർത്തിയെടുത്ത ഒരുപിടി യാഥാർഥ്യങ്ങളാണ്. കണ്ടുശീലിച്ച കാഴ്ചകളും കേട്ടുപരിചയിച്ച ശബ്ദങ്ങളും ചേർത്തുവെച്ച് എഴുതിയ മനോഹരമായ കഥ. തന്റെ ജീവിതത്തിലെ ഒരു സന്ദർഭത്തെ തിരക്കഥയാക്കി മാറ്റി സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വാരിക്കൂട്ടിയ ഹ്രസ്വചിത്രം ‘മൊളഞ്ഞി’യുടെ വിശേഷങ്ങളുമായി സംവിധായകൻ മഹേഷ് മധു.

മൊളഞ്ഞിയുടെ പിറവി

ഷൊർണൂരിൽ ഫാർമേഴ്സ് ഷെയർ എന്ന സസ്റ്റെയ്‌നബ്ൾ ലിവിങ് സ്‌പേസിൽ ജോലി ചെയ്യുന്ന കാലത്താണ് മൊളഞ്ഞിയുടെ കഥ എഴുതുന്നത്. അവിടെയുള്ള സുഹൃത്തുക്കൾക്ക് വായിക്കാൻ കൊടുത്തപ്പോൾ കിട്ടിയ പിന്തുണയും സ്നേഹവുമാണ് മൊളഞ്ഞിയുടെ പിറവിക്ക് പിന്നിൽ. ഇത് എന്റെ അമ്മയുടേയും അമ്മയുടെ സഹോദരിമാരുടേയും കഥയാണ്. അവർക്ക് വിഷ്വൽ കൊടുക്കാൻ നാല് കഥാപാത്രങ്ങളെ അതേ പേരിൽ കൊണ്ടുവന്നതാണ്. ഷൊർണൂരിലെ മുണ്ടായ ഗ്രാമവും അവിടത്തെ കോരപാപ്പൻ എന്ന കർഷകന്റെ വീടും 80കളിലെ കുട്ടിക്കാലത്തിന്റെ വൈബ് പിടിക്കാൻ സഹായിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു. ഒരു മാസത്തോളം പ്രീ പ്രൊഡക്ഷൻ ഉണ്ടായിരുന്നു. അഭിനയിക്കാൻ അറിയുന്നവരേക്കാളുപരി ബിഹേവ് ചെയ്യുന്ന മനുഷ്യർ വേണമായിരുന്നു. അങ്ങനെയാണ് അരുൺ എ, ശ്രീജ കെ.വി (പ്രസന്ന), എം.എൻ അനിത (ഉഷ), ദേവസേന എം.എൻ (ഗീത), പത്മജ പി (ഷീല) എന്നിവരിലേക്ക് എത്തുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ നാലുപേരും അധ്യാപികമാരാണ്.

ചക്കക്കാലം

മൊളഞ്ഞിയിൽ ചക്കയും പ്രധാന കഥാപാത്രമാണ്. മലയാളിക്ക് ചക്കക്കാലം വെറുമൊരു സീസൺ മാത്രമല്ല. ഒരുപിടി നല്ല ഓർമകളുടെയും കൂട്ടായ്മയുടെയും ഉത്സവമാണ്. വേനൽച്ചൂട് കനക്കുമ്പോൾ പറമ്പിലെ പ്ലാവുകളിൽ വലിയ ചക്കകൾ തൂങ്ങിനിൽക്കും. പഴുത്ത ചക്കയുടെ മണം ഒരു കാലത്തിന്‍റെ നൊസ്റ്റാൾജിക് എലമെന്റ് കൂടിയായിരുന്നു. ചക്ക കാലമായാൽ പിന്നെ എല്ലാ ദിവസവും ചക്ക കൊണ്ടുള്ള വിഭവങ്ങളാണ്. ചക്ക പുഴുക്ക്, ചക്ക വരട്ടി, ചക്ക അട... അങ്ങനെ പോകുന്നു വിഭവങ്ങളുടെ നീണ്ട നിര. ഞങ്ങളുടെ നാട്ടിൽ ചക്ക അരക്ക് എന്നാണ് മൊളഞ്ഞിക്ക് പറയുക. ചക്ക അരക്കിന്‍റെ കുറെ വാക്കുകൾ അന്വേഷിക്കുമ്പോഴാണ് ക്രൂവിലുള്ള ഒരാൾ മൊളഞ്ഞി എന്ന പേര് നിർദേശിക്കുന്നത്. പേരിലെ സ്വീറ്റ്നെസ് കൊണ്ടാണ് അത് എടുത്തത്. മൊളഞ്ഞി എന്ന് പറയുമ്പോൾ ആൾക്കാർക്ക് തോന്നില്ലേ എന്തോ ഒരു ഭംഗിയുള്ള സാധനമാണല്ലോ എന്ന്. അതുകൊണ്ടുതന്നെ ചക്കക്കാലത്തിന്റെ മധുരമൊക്കെ ചേർന്ന കുഞ്ഞു കഥയാണ് മൊളഞ്ഞി.

അമ്മയുടെ ‘റിയൽ സ്റ്റോറി’

പി.ജിക്ക് പഠിക്കുന്ന കാലം. അർബുദബാധിതയായ വല്യമ്മയെ കാണാൻ അമ്മയുമൊത്ത് യാത്ര തിരിക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു ഉള്ളിൽ. കീമോ കഴിഞ്ഞ് ബ്രെസ്റ്റ് റിമൂവ് ചെയ്ത് മൊട്ട അടിച്ചിരുന്ന സമയമാണ്. ഞാൻ അമ്മയോട് പറഞ്ഞു, അവിടെ ചെന്ന് സഹതപിക്കരുത്. എന്റെ ചേച്ചിയോട് എങ്ങനെ പെരുമാറണമെന്ന് എനിക്കറിയാം എന്നായിരുന്നു അമ്മയുടെ മറുപടി. അവിടെ ചെന്നപ്പോൾ കണ്ടത് രോഗാവസ്ഥയെക്കുറിച്ചുള്ള വിലാപങ്ങളല്ല; മറിച്ച്, പഴയ പോലെ കൂട്ടുചേർന്ന് സൊറ പറഞ്ഞിരിക്കുന്ന സഹോദരിമാരെയാണ്. ഉള്ളിലെ വിഷമങ്ങൾ അമ്മ ഒരിക്കലും വല്യമ്മയോട് കാണിച്ചിരുന്നില്ല. പക്ഷേ, തിരിച്ചുപോരുമ്പോൾ അമ്മ കുറെ കരഞ്ഞിരുന്നു. ഇതേ ആത്മബന്ധമാണ് മൊളഞ്ഞിയിലും അവതരിപ്പിച്ചിരിക്കുന്നത്. കാൻസർ ആയതുകൊണ്ടുള്ള സഹതാപ പ്രകടനങ്ങൾ ഇല്ല. ഇമോഷനൽ ഡയലോഗുകൾ ഇല്ല. ചേർത്തുപിടിക്കുന്ന സഹോദരിമാരുടെ സ്നേഹം മാത്രം. എന്നാലും ഇതിലെ നാല് കഥാപാത്രങ്ങളും വേദനയുടെ ആഴം പേറുന്നുമുണ്ട്.

സഹതാപം, വേദന, മരണം, വിധി എന്നിങ്ങനെ നമ്മൾ കാൻസറിനെക്കുറിച്ച് പറയുമ്പോൾ പതിവായി ഉപയോഗിക്കുന്ന ചില വാക്കുകളുണ്ട്. എന്നാൽ ‘മൊളഞ്ഞി’ എന്ന ഷോർട്ട് ഫിലിം ഈ സ്ഥിരം ഫ്രെയിമുകളെ പൊളിച്ചെഴുതുകയാണ്. കാൻസർ എന്ന രോഗത്തെ അതിന്റെ എല്ലാ ഭയാനകതയോടും വേദനയോടുംകൂടി അവതരിപ്പിക്കുമ്പോൾ പതിവായി നാം കാണാറുള്ള ‘സിംപതി’ എന്ന വികാരം ഇവിടെ പൂർണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മൊളഞ്ഞിയിൽ സെന്‍റിമെന്‍റൽ ഡയലോഗുകളില്ല. പേടിപ്പെടുത്തുന്ന ട്രീറ്റ്മെന്‍റും ഇല്ല. അവിടെ സഹോദരിമാർ തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്‍റെ പ്രതിഫലനം മാത്രം.

എൽ.ജെ.പിയും സംസ്ഥാന അവാർഡും

33ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ മികച്ച ടെലി ഫിലിം (20 മിനിറ്റിൽ താഴെ), മികച്ച തിരക്കഥ, മികച്ച നിർമാണം എന്നീ മൂന്ന് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ മൊളഞ്ഞിക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഒരു സുഹൃത്ത് വഴി ചിത്രം കണ്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പ്രസന്റ് ചെയ്യാമെന്ന് ഏറ്റതും മൊളഞ്ഞിയുടെ മാധുര്യം കൂട്ടി. കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിന്റെ അവസാന റൗണ്ട് വരെ എത്തിയ മൊളഞ്ഞി പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇതിനോടകം മത്സരിച്ചുകഴിഞ്ഞു. അപരിചിതരായ ഒട്ടേറെ മനുഷ്യരിൽനിന്ന് ലഭിക്കുന്ന സ്നേഹസന്ദേശങ്ങളാണ് മൊളഞ്ഞിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. തുടർച്ചയായി സിനിമകൾ ചെയ്യണമെന്നതിനേക്കാൾ, പറയാനുള്ള കഥകൾ ആത്മാർഥമായി പറയണമെന്നാണ് ആഗ്രഹം. സിനിമയേക്കാളുപരി സമാധാനമായ ജീവിതത്തിനാണ് മുൻഗണന നൽകുന്നത്.

അത്ര എളുപ്പമായിരുന്നില്ല

ഷൂട്ട് ചെയ്തത് മൊത്തം സിഗ്ൾ കാമറയിലായിരുന്നു. അത് അത്ര എളുപ്പമായിരുന്നില്ല. എഡിറ്റിങ്ങിലായിരുന്നു ബുദ്ധിമുട്ട്. ടീച്ചർമാർ എത്ര വേണമെങ്കിലും പെർഫോം ചെയ്യാൻ തയാറായിരുന്നു. ഓരോ ടേക്കിലും അവർക്ക് വ്യത്യസ്തമായ ഭാവങ്ങളായിരിക്കും. ഒരേ ഡയലോഗ് തന്നെ പലതവണ പല രീതിയിൽ അവർ അവതരിപ്പിക്കും. ഇതിൽ ഏറ്റവും മികച്ചതും സ്വാഭാവികവുമായത് ഏതെന്ന് കണ്ടെത്തി എഡിറ്റ് ചെയ്യുക എന്നത് വലിയൊരു ടാസ്‌കായിരുന്നു. മൃദുൽ എസ് ആണ് ഛായാഗ്രഹണം. ഗോപാൽ സുധാകർ ചിത്രസംയോജനവും. സംഗീതം ഒരുക്കിയത് വൈശാഖ് സോമനാഥാണ്. സിങ്ക് സൗണ്ട് എൽദോസ് ഐസക്ക്, സൗണ്ട് ഡിസൈൻ & മിക്സിങ് സഞ്ജു മോഹനും. പ്രൊഡക്ഷൻ ഡിസൈൻ റാഷിദ് അഹമ്മദ്, അമൽ സേവിയർ, മേക്കപ് സിമി മേരി, കളറിങ് രവിശങ്കർ എന്നിവരുമാണ്. ഇവരാണ് മൊളഞ്ഞിയെ അതിന്‍റെ പൂർണതയിലെത്തിച്ചത്.

വര വര റോസ

‘റിങ് എ റിങ് ഓ റോസസ്’ എന്ന ഈ പ്രശസ്തമായ നഴ്സറി റൈമിന് പിന്നിൽ വളരെ ഇരുണ്ടതും ഭയാനകവുമായ ഒരു ചരിത്രമുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. 1665ൽ ലണ്ടനിലുണ്ടായ ഗ്രേറ്റ് പ്ലേഗുമായി ഈ വരികൾക്ക് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. മൊളഞ്ഞിയുടെ തുടക്കം വര വര റോസയിൽനിന്നാണ്. ബാക്ക് സ്റ്റോറി അറിഞ്ഞിട്ടല്ല അത് മൊളഞ്ഞിയിൽ ഉൾപ്പെടുത്തിയത്. കുട്ടികൾക്ക് അറിയാവുന്ന ഒരു പാട്ട് എന്നേ ഉണ്ടായിരുന്നുള്ളൂ. ഏതോ ഒരു ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്തപ്പോൾ അതിലൊരാൾ ഇതിനെപ്പറ്റി അറിഞ്ഞിട്ടാണോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഇങ്ങനെയൊരു ഹിസ്റ്ററി ഈ സിനിമയുമായി കണക്ട് ചെയ്തതാണല്ലോ എന്ന് എനിക്കും തോന്നി.

അമ്മ കണ്ടപ്പോൾ

‘ഈ സിനിമയിൽ കാണിക്കുന്നതുപോലെ ഞങ്ങൾ വഴക്കൊന്നും കൂടുന്നില്ലല്ലോ, പിന്നെന്തിനാണ് നീ ഇങ്ങനെ ചിത്രീകരിച്ചത്?’ എന്നായിരുന്നു അമ്മയുടെ ചോദ്യം. സ്വപ്നങ്ങൾക്കും അതിജീവനത്തിനും വലിയ വില കൽപിച്ചിരുന്ന, വളരെ രസകരമായ ഒരു വ്യക്തിത്വമാണ് അമ്മയുടേത്. ചെറുപ്പത്തിൽ പൊലീസുകാരിയാകാൻ അമ്മ അതിയായി ആഗ്രഹിച്ചിരുന്നു. ജീവിതത്തിലെ ചില മോശം അനുഭവങ്ങൾകൊണ്ടാണ് അങ്ങനെയൊരു ചിന്ത വന്നത്. അമ്മയെ കേന്ദ്രമാക്കി ഞാൻ ചെയ്ത ‘ഷീല’ എന്ന ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്. അതിൽ അമ്മയുടെ ജീവിതമുണ്ട്. അമ്മ കഥ പറയും. എഴുതില്ല. ആ കഥപറച്ചിലാണ് എനിക്കും കിട്ടിയതെന്ന് തോന്നുന്നു. ഞാൻ ബാക്ക് ബെഞ്ചർ ടീം ആയിരുന്നതുകൊണ്ട് കുട്ടിക്കാലത്ത് അങ്ങനെ എഴുത്ത് പരിപാടിയൊന്നും ഉണ്ടായിരുന്നില്ല. സിനിമ കാണുമായിരുന്നു. പുതിയ സിനിമയുടെ പണിപ്പുരയിൽ ആണ് ഇപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short FilmMovie Newsinterviewdirector
News Summary - Interview with Molanji short film Director
Next Story