അന്താരാഷ്ട്ര വനിത ചലച്ചിത്രമേള 17 മുതൽ ആലപ്പുഴയിൽ
text_fieldsനാലാമത് വനിത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലോഗോ പ്രകാശനം ജില്ല പഞ്ചായത്ത്
പ്രസിഡന്റ് കെ.ജി. രാജേശ്വരിക്ക് നൽകി സംവിധായകൻ ഫാസിൽ നിർവഹിക്കുന്നു
ആലപ്പുഴ: നാലാമത് വനിത അന്താരാഷ്ട്ര ചലച്ചിത്രമേള ഈമാസം 17 മുതൽ 19വരെ ആലപ്പുഴ കൈരളി, ശ്രീ തിയറ്ററുകളിൽ നടക്കും. മേളയുടെ ലോഗോ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിക്ക് നൽകി സംവിധായകൻ ഫാസിൽ നിർവഹിച്ചു.
വിദ്യാർഥി ജീവിതത്തിനിടെ മേളയിൽ കണ്ട ‘ദ ബലാഡ് ഓഫ് എ സോൾജിയർ’ എന്ന സിനിമ ഇപ്പോഴും ഓർമകളുടെ െഫ്രയിമിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ആ മേളയാണ് തന്നിൽ തീക്ഷ്ണമായ സിനിമാമോഹം നിറച്ചതെന്നും ഫാസിൽ പറഞ്ഞു. ജെൻഡർ കൗൺസിൽ അംഗം ബിച്ചു എക്സ്. മലയിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയായും മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, വീണ ജോർജ് എന്നിവർ സഹരക്ഷാധികാരികളായും ജില്ലയിലെ എം.പിമാരും എം.എൽ.എമാരും രക്ഷാധികാരികളായും സംഘാടകസമിതി രൂപവത്കരിച്ചു.
മേളയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഈ മാസം 10 മുതൽ ആരംഭിക്കും. https://registration.iffk.in/ സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പൊതുജനങ്ങൾക്ക് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്നവർക്ക് എല്ലാ സിനിമകളും കാണാൻ അവസരമുണ്ട്. അന്താരാഷ്ട്ര, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിലായി 25ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിൽ ആയിരത്തിലേറെ പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാഗേഷ്, നടി ഉഷ ഹസീന, കയർ ക്ഷേമനിധി ബോർഡ് സി.ഇ എം.മഞ്ജു, കൈരളി ശ്രീ തിയറ്റർ മാനേജർ ടി. പ്രീതി, സി.ഡബ്ല്യു.സി അംഗം ഗീത തങ്കമണി, വിജയലക്ഷ്മി, അമൃതം ഗോപിനാഥ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്. ഷാജി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സംഘാടക സമിതി ചെയർപേഴ്സനും നഗരസഭാധ്യക്ഷ സൗമ്യരാജ് കോ ചെയർപേഴ്സനുമായി പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

