അന്താരാഷ്ട്ര വനിത ചലച്ചിത്രമേളക്ക് കൊടിയിറക്കം
text_fieldsഅന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയുടെ സമാപന ദിനമായ തിങ്കളാഴ്ച നടന്ന ഓപൺ ഫോറത്തിൽ ബംഗാളിൽ നിന്നുള്ള ഡോക്യുമെന്‍ററി സംവിധായക മൗപ്പിയ മുഖര്‍ജി സംസാരിക്കുന്നു
കോഴിക്കോട്: മൂന്നു ദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര വനിത ചലച്ചിത്രമേളക്ക് കൊടിയിറക്കം. കാണികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ മേളയിൽ സ്ത്രീ സംവിധായകരുടെ 24 സിനിമകളാണ് പ്രദർശിപ്പിച്ചത്. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായിരുന്നു പ്രദർശനം. സമാപന ദിവസം നടന്ന ഓപണ്‍ ഫോറത്തിൽ 'നവ ഇന്ത്യന്‍ സിനിമയിലെ സ്ത്രീപ്രതിനിധാനം' വിഷയത്തില്‍ ബംഗാളി ഡോക്യുമെന്‍ററി സംവിധായകരായ ഫറ ഖാത്തൂന്‍, മൗപിയ മുഖര്‍ജി, ഡോ. സംഗീത ചേനംപുല്ലി, ആര്‍.വി.എം. അപര്‍ണ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. പി.എം. ആതിര മോഡറേറ്ററായിരുന്നു. സമാന്തര ചലച്ചിത്രങ്ങളിലേതു മാത്രമല്ല, പുഷ്പ തുടങ്ങിയ പോപുലർ സിനിമകളിലെ സ്ത്രീപ്രതിനിധാനത്തെക്കുറിച്ചും നാം സംസാരിക്കണമെന്നും എന്തുകൊണ്ടെന്നാൽ സാധാരണ ജനങ്ങൾ കൂടുതലായി കാണുന്നത് ഇത്തരം ചിത്രങ്ങളാണെന്നും ബംഗാളി സംവിധായക മൗപിയ മുഖർജി പറഞ്ഞു. ജനപ്രിയ സിനിമകളിലെ സ്ത്രീപ്രതിനിധാനങ്ങളെ മാറ്റിമറിച്ചത് നിയോ ലിബറൽ കാലഘട്ടത്തിലെ പർച്ചേസിങ് കപ്പാസിറ്റിയുള്ള സ്ത്രീകളാണ്. സ്ത്രീകഥാപാത്രങ്ങളെ മാറ്റാനും മാറിച്ചിന്തിക്കാനും പ്രേരിപ്പിച്ചതിൽ പലതരത്തിലുള്ള സാമൂഹിക സമ്മർദങ്ങൾക്കും പങ്കുണ്ടെന്ന് ഡോ. സംഗീത ചേനംപുല്ലി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും പ്രേക്ഷക പങ്കാളിത്തംകൊണ്ട് വനിത ചലച്ചിത്രമേള ഇത്രയും വലിയ വിജയമായത് അഭിമാനകരമായ നേട്ടമാണെന്ന് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനചിത്രമായ 'ക്ലാര സോളോ' തിങ്കളാഴ്ച രണ്ടാം തവണ പ്രദർശിപ്പിച്ചപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 26ാമത് ഐ.എഫ്.എഫ്.കെയില്‍ മികച്ച സംവിധായകക്കുള്ള രജതചകോരം നേടിക്കൊടുത്ത 'കമീല കംസ് ഔട്ട് റ്റുനൈറ്റ്' എന്ന ചിത്രവും ശ്രദ്ധേയമായി. കാറ്റ്ഡോഗ്, ഹോളി റൈറ്റ്സ് എന്നീ ഡോക്യുമെന്‍ററികളും കോസ്റ്റ ബ്രാവ, ഡീപ് 6, കോ പൈലറ്റ്, എ ടെയിൽ ഓഫ് ഓഫ് ലവ് ആൻഡ് ഡിസയർ എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.