‘ഫഹദ് ഫാസിലിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു’; മനസ്സുതുറന്ന് ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി
text_fieldsഇംതിയാസ് അലി, ഫഹദ് ഫാസിൽ
മുംബൈ: ദേശീയ പുരസ്കാര ജേതാവും മലയാളത്തിന്റെ പ്രിയതാരവുമായ ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി. നേരത്തേ ഫഹദുമായി ചേർന്ന് ഹിന്ദി ചിത്രം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും പദ്ധതി യാഥാർഥ്യമായില്ലെന്നും ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
‘ദ ഇഡിയറ്റ് ഓഫ് ഇസ്താംബൂൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കാനിരുന്നത്. എന്നാൽ, വിവിധ കാരണങ്ങളാൽ ചിത്രം മുന്നോട്ടുപോയില്ല. വീണ്ടും ഫഹദിനൊപ്പം സിനിമ ചെയ്യാനുള്ള താൽപര്യം വ്യക്തമാക്കുകയാണ് ഇംതിയാസ് അലി.
‘ഫഹദ് ഫാസിലിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. നേരത്തേ അതിനായി ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ, ചില കാരണങ്ങളാൽ അത് നടന്നില്ല. ഇപ്പോഴും ഞങ്ങൾ പരസ്പരം ബന്ധപ്പെടാറുണ്ട്. ഒരുമിച്ച് സിനിമ ചെയ്യാൻ ഇരുവർക്കും താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിൽ എപ്പോഴെങ്കിലും ഫഹദിനൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ -ഇംതിയാസ് അലി പറഞ്ഞു.
അതേസമയം, ഇംതിയാസ് അലി നിർമിക്കുന്ന പുതിയ ചിത്രമായ ‘ഹീർ രഞ്ജ’യുടെ താരനിർണയത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിലും അദ്ദേഹം പ്രതികരിച്ചു. സാറ അർജുനും രോഹിത് സറാഫും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, പ്രചരിക്കുന്ന വിവരങ്ങളെല്ലാം ശരിയല്ലെന്നാണ് ഇംതിയാസ് അലിയുടെ മറുപടി.
ഇംതിയാസ് അലിയുടെ സഹോദരൻ സാജിദ് അലിയാണ് ‘ഹീർ രഞ്ജ’ സംവിധാനം ചെയ്യുന്നത്. 2018ൽ പുറത്തിറങ്ങിയ ‘ലൈല മജ്നു’ എന്ന ചിത്രത്തിന്റെ തുടർച്ചയായുള്ള ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമാണിത്. പ്രണയകഥകളുടെ പാരമ്പര്യവും പ്രേക്ഷകരുമായുള്ള വൈകാരിക ബന്ധവും നിലനിർത്തിക്കൊണ്ടായിരിക്കും പുതിയ ചിത്രം ഒരുക്കുക.
തൃപ്തി ദിമ്രിയും അവിനാഷ് തിവാരിയും പ്രധാന വേഷങ്ങളിലെത്തിയ ‘ലൈല മജ്നു’ 2018ൽ ആദ്യമായി തിയറ്ററുകളിലെത്തിയപ്പോൾ ബോക്സ് ഓഫിസിൽ പരാജയമായിരുന്നു. എന്നാൽ, 2024ൽ വീണ്ടും റിലീസ് ചെയ്തതോടെ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും ലഭിച്ചു.
പ്രമുഖ നിർമാതാവ് ഏക്ത കപൂറുമായി ചേർന്നാണ് ഇംതിയാസ് അലി ‘ഹീർ രഞ്ജ’ നിർമിക്കുന്നത്.

