ഇലവീഴാപൂഞ്ചിറ, വീണ്ടുമൊരു പൊലീസ് സസ്‍പെൻസ് ത്രില്ലർ REVIEW
text_fieldsഒരു സസ്‍പെൻസ് ത്രില്ലർ ചിത്രം, അതാണ് സൗബിൻ ഷാഹിർ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഇലാവീഴാപൂഞ്ചിറ. സസ്‍പെൻസ് ത്രില്ലറുകളായ ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങൾക്ക് കഥയെഴുതിയ ഷാഹി കബീർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. 3500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെ വയർലെസ് പൊലീസ് സ്റ്റേഷനെ ചുറ്റിപറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരായ മധുവിനെയും സുധിയെയുമാണ് സൗബിനും സുധി കോപ്പയും അവതരിപ്പിക്കുന്നത്.
സിനിമയുടെ തുടക്കംമുതൽ ഇലവീഴാപൂഞ്ചിറയിൽ ഒളിച്ചിരിക്കുന്ന അപകടവും വെല്ലുവിളികളും പറഞ്ഞുവെക്കുന്നുണ്ട് സംവിധായകൻ. ഇലവീഴാപൂഞ്ചിറ സ്ഥിതിചെയ്യുന്ന കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ കിടുന്നതോടെ സിനിമക്ക് ത്രില്ലർ സ്വഭാവവും കൈവരും. നിധീഷ്, ഷാജി മാറാട് എന്നിവരാണ് സിനിമയുടെ തിരക്കഥ തയാറാക്കിരിക്കുന്നത്.
ജാക്ക് ആൻഡ് ജിൽ, സി.ബി.ഐ 5 എന്നീ സിനിമകളിലെ മോശം അഭിനയത്തിന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ സൗബിന്റെ തിരിച്ചു വരവ് ഇലവീഴാപൂഞ്ചിറയിൽ കാണാൻ സാധിക്കും. സൗബിനൊപ്പം സുധി കോപ്പയും തന്റെ കഥാപാത്രത്തെ മനോഹരമാക്കി. തുടക്കം മുതൽ ഇനി എന്താണ് എന്ന ആകാംഷ നിലനിർത്തിയാണ് കഥ പറഞ്ഞു പോകുന്നത്. അനിൽ ജോൺസന്റെ സംഗീതവും സസ്‍പെൻസ് മൂഡ് ക്രിയേറ്റ് ചെയ്യാൻ സഹായിക്കും. ഒരു മണിക്കൂർ 44 മിനിറ്റുള്ള ഇലവീഴാപൂഞ്ചിറ ത്രില്ലർ, സസ്പെൻസ് സിനിമകൾ ഇഷ്ട്ടപെടുന്നവരെ നിരാശപ്പെടുത്തില്ല.