ഐ.എഫ്.എഫ്.കെ: കേന്ദ്ര വിലക്കിന് കേരളം വഴങ്ങി? ആറ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല
text_fieldsതിരുനവന്തപുരം: ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്ന ആറ് ചിത്രങ്ങൾക്ക് കേന്ദ്രം ഏർപ്പെടുത്തിയ വിലക്കിന് കേരളം വഴങ്ങി. പ്രദർശനാനുമതി നിഷേധിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദേശം ചലച്ചിത്ര അക്കാദമിക്ക് കൈമാറി. വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതാണ് വിലക്കിന് കാരണം.
ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ലെയിംസ്, ഈഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ചിത്രങ്ങൾക്ക് സെൻസർ ഇളവ് അനുവദിക്കാനാകില്ലെന്നാണ് മന്ത്രാലയം അറിയിച്ചത്. സിനിമ നിര്‍മിച്ച രാജ്യവുമായുള്ള ബന്ധം വഷളാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് വിവരം.
നേരത്തെ എല്ലാ ചിത്രങ്ങളെയും നിശ്ചയിച്ച പ്രകാരം പ്രദർശിപ്പിക്കാനുള്ള നിർദേശം സംസ്ഥാന സർക്കാർ ചലച്ചിത്ര അക്കാദമിക്ക് നൽകിയിരുന്നു. പിന്നാലെ കേന്ദ്രം വിലക്കിയ ഈഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങളുടെ പ്രദർശനം ഇന്നലെ കഴിഞ്ഞിരുന്നു. അതിനുശേഷം ഇന്നലെ രാത്രിയോടെയാണ് ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്.
മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകൾ പ്രദർശിപ്പിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയത്തിന്റെ എക്‌സംപ്‌ഷൻ സർട്ടിഫിക്കറ്റ് വേണം. ഇതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും 187 ചിത്രങ്ങളിൽ 168 എണ്ണത്തിന് മാത്രമേ അനുമതി ലഭിച്ചുള്ളൂ.
ഇതേതുടർന്നാണ് തിങ്കളാഴ്‌ച വൈകീട്ടോടെ 19 സിനിമകളുടെ പ്രദർശനം മുടങ്ങിയത്. കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്‌തമാണ്. ഐ.എഫ്.എഫ്.കെയിൽ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി അപലപനീയമെന്ന് ചൂണ്ടിക്കാട്ടി നിരവധി സാംസ്‌കാരിക, സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

