ഇനി ഒരു വർഷത്തെ കാത്തിരിപ്പ്...; രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും
text_fieldsതിരുവനന്തപുരം: 30ാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രഗത്ഭ സംവിധായകനും കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ആദരിക്കും.
മൗറിത്തേനിയൻ സംവിധായകനും 30ാമത് മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂലാഫിനേയും മുഖ്യമന്ത്രി ആദരിക്കും. തുടർന്ന് മേളയിലെ ഏറ്റവും മികച്ച സിനിമക്കുള്ള സുവർണ ചകോരം അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്യും. പ്രേക്ഷക അവാർഡ്, തിയറ്റർ അവാർഡ്, മാധ്യമ അവാർഡ് എന്നിവയും വിതരണം ചെയ്യും.
മന്ത്രിമാരായ വി ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ ഡോ. റസൂൽ പൂക്കുട്ടി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, അക്കാദമി സെക്രട്ടറി സി. അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു, സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമ ഫണ്ട് ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ എന്നിവർ സംബന്ധിക്കും. പരിപാടിക്ക് ശേഷം സുവർണ ചകോരം നേടിയ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

