'നൂറ് ശതമാനം എന്റെ വീഴ്ച'; തുടർച്ചയായി സിനിമ പരാജയപ്പെടാനുള്ള കാരണം വ്യക്തമാക്കി അക്ഷയ് കുമാർ
text_fieldsഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ അക്ഷയ് കുമാർ ചിത്രമാണ് സെൽഫി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി പതിപ്പാണിത്. മോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ബോളിവുഡിൽ വലിയ ചലനം സൃഷ്ടിക്കാനായില്ല.
ഇപ്പോഴിതാ തുടർച്ചയായുള്ള സിനിമാ പരാജയത്തെ കുറിച്ച് മനസ് തുറക്കുകയാണ് അക്ഷയ് കുമാർ. തന്റെ വീഴ്ച കൊണ്ടാണ് സിനിമകൾ പരാജയപ്പെടുന്നതെന്നും മാറ്റത്തിന്റെ പാതയിലാണെന്നും അക്ഷയ് കുമാർ പറഞ്ഞു. ഇതിന് മുൻപും ഇതുപോലുള്ള സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
'എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. ഇതിനും മുൻപും പരാജയങ്ങൾ സംഭവിച്ചിട്ടുണ്ട്. തുടർച്ചയായി 16 സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. കൂടാതെ തന്റെ നാല്- അഞ്ച് ചിത്രങ്ങളും വൻ പരാജയമായിരുന്നു. ഇതെല്ലാം സ്വന്തം വീഴ്ച കൊണ്ട് ഉണ്ടായതാണ്- നടൻ പറഞ്ഞു.
ഇന്നത്തെ പ്രേക്ഷകർ ഒരുപാട് മാറി. അത് അനുസരിച്ച് നമ്മളും മാറേണ്ടതുണ്ട് . ഞാൻ അതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത് മാത്രമാണ് എനിക്ക് ചെയ്യാനാവുക. തുടർച്ചയായി സിനിമകൾ പരാജയപ്പെടുന്നത് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. ഈ കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനാകില്ല. ഇത് നൂറ് ശതമാനം എന്റെ വീഴ്ചയാണ് -അക്ഷയ് കുമാര്‍ കൂട്ടിച്ചേർത്തു.