'എന്നേക്കാൾ ബുദ്ധിയും കഴിവും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ.. ഞാൻ അഹങ്കാരം മാറ്റിവെക്കാം' വെല്ലുവിളിച്ച് കങ്കണ
text_fieldsതന്നേക്കാൾ ബുദ്ധിയും വിവരവും ഉള്ള നടിമാരെ സംവാദത്തിന് വെല്ലുവിളിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അങ്ങനെ ആരെങ്കിലും കഴിവ് തെളിയിക്കുകയാണെങ്കിൽ താൻ ഈ അഹങ്കാരം മാറ്റിവെക്കാൻ തയാറാണെന്നും കങ്കണ ട്വീറ്റിൽ പറയുന്നു.
കങ്കണയുടെ പുതിയ സിനിമകളായ തലൈവി, താക്കത് എന്നീ സിനിമകളുടെ പോസ്റ്ററുകൾ പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ ട്വീറ്റ്. ഹോളിവുഡ് നടിയായ മെറിൽ സ്ട്രീപുമായാണ് കങ്കണ തന്നെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഈ തലമുറയിൽ തന്നെ മെറിൽ സ്ട്രീപിനോളം വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത നടിയില്ലെന്നാണ് അവരുടെ അഭിനയപാടവത്തെക്കുറിച്ച് വിലയിരുത്തപ്പെടാറുള്ളത്. നല്ല ഗായികയും കൂടിയാണ് മെറിൽ സ്ട്രീപ്.
ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമാന് കങ്കണയുടെ സ്വയം പുകഴ്ത്തൽ. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തപ്പോൾ ട്വിറ്ററിനെ ഇന്ത്യയിൽ നിരോധിക്കുമെന്ന് കങ്കണ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
കങ്കണയുടെ ട്വീറ്റ്
ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാൾ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ അഹങ്കാരം ഞാൻ മാറ്റിവെക്കാം. പക്ഷെ അത് വരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും.

