ഐ.ഡി.എസ്.എഫ്.എഫ്.കെ: കൈയടി നേടി ‘ഞാൻ രേവതി’യും ‘പ്രാണനും’
text_fields‘പ്രാണന്റെ’ ആദ്യ പ്രദർശനം കാണാനെത്തിയ ഷാജി
എൻ. കരുണിന്റെ ജീവിത പങ്കാളി അനസൂയ ഷാജിയും
എം.കെ. സാനുവിന്റെ മകൻ രഞ്ജിത് സാനുവും
തിരുവനന്തപുരം: 17-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയുടെ നാലാം ദിനം ട്രാൻസ് എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ. രേവതിയുടെ ജീവിതം ആസ്പദമാക്കി ‘മാധ്യമം’ ഫോട്ടോഗ്രാഫർ പി. അഭിജിത് ഒരുക്കിയ ‘ഞാൻ രേവതി’, മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.കെ. സാനുവിനെക്കുറിച്ച് വിഖ്യാത സംവിധായകൻ ഷാജി എൻ. കരുൺ ഒരുക്കിയ ‘പ്രാണൻ’ എന്നീ ഡോക്യുമെന്ററികൾ കൊണ്ട് ശ്രദ്ധേയമായി.
‘ഞാൻ രേവതി’ ലോങ് ഡോക്യുമെന്ററി മത്സരവിഭാഗത്തിലും ‘പ്രാണൻ’ ഹോമേജ് വിഭാഗത്തിലുമാണ് പ്രദർശിപ്പിച്ചത്. ഷാജി എൻ. കരുണിന്റെ അവസാന സംവിധാന സംരംഭമായ ‘പ്രാണൻ’ കാണാൻ ജീവിത പങ്കാളി അനസൂയ ഷാജിയും സഹോദരി ഷീലയും എത്തിയിരുന്നു. പ്രാണന്റെ കേന്ദ്ര കഥാപാത്രമായ എം.കെ. സാനുവിന്റെ മകൻ രഞ്ജിത് സാനുവും ഡോക്യുമെന്ററിക്ക് സാക്ഷ്യം വഹിച്ചു.
ജനാധിപത്യത്തെ നിർവീര്യമാക്കുന്ന സമഗ്രാധിപത്യത്തിനെതിരെ ശക്തമായ പ്രതിരോധം പ്രകടമാക്കുന്ന 'ഇലക്ഷൻ ഡയറീസ്' എന്ന പാക്കേജ് ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി. ജർമ്മനിയിലെ ഗോട്ടിൻജൻ യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ മോഡേൺ ഇന്ത്യൻ സ്റ്റഡീസ് (സെമിസ്) ആണ് ഈ ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്. ഈ വിഭാഗം ക്യുറേറ്റ് ചെയ്തിരിക്കുന്നത് ജർമ്മനിയിലെ ഗോട്ടിൻജൻ യൂണിവേഴ്സിറ്റിയിൽ സ്റ്റേറ്റ് ആന്റ് ഡെമോക്രസി ഗവേഷണവിഭാഗം തലവയായ ശ്രീരൂപ റോയ്, ഡോക്യുമെന്ററി സംവിധായകൻ ലളിത് വചാനി എന്നിവർ ചേർന്നാണ്. ഈ പ്രത്യേക പാക്കേജിൽ ഇന്ത്യയിലെ 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെ ആഴത്തിൽ അന്വേഷിക്കുന്ന ആറ് ഡോക്യുമെന്ററികൾ ഉൾപ്പെടുത്തിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

