മാപ്പു പറഞ്ഞില്ലെങ്കിൽ ഉറപ്പായും സൽമാൻ ഖാനെ ഞാൻ കൊല്ലും; എന്റെ ജീവിത ലക്ഷ്യം തന്നെ അതാണ് -വീണ്ടും ഭീഷണിയുമായി ലോറൻസ് ബിഷ്‍ണോയി
text_fieldsമുംബൈ: സൽമാൻഖാനെതിരെ വീണ്ടും വധഭീഷണിയുമായി അധോലോക നേതാവ് ലോറൻസ് ബിഷ്‍ണോയി. തന്റെ ജീവിത ലക്ഷ്യം തന്നെ സൽമാനെ വധിക്കുക എന്നതാണ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ ബിഷ്‍ണോയി സമുദായത്തോട് മാപ്പ് പറഞ്ഞെങ്കിൽ മാത്രമേ ഈ പ്രശ്നം അവസാനിക്കുകയുള്ളൂവെന്നും ലോറൻസ് വ്യക്തമാക്കി. ''സൽമാൻ ഖാൻ മാപ്പു പറഞ്ഞേ തീരൂ...അദ്ദേഹം ബികാനീറിലെ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയണം. എന്റെ ജീവിത ലക്ഷ്യം തന്നെ സൽമാനെ കൊല്ലുക എന്നതാണ്.
സുരക്ഷ നീക്കുന്ന പക്ഷം അദ്ദേഹത്തെ ഞാൻ കൊല്ലും''-ലോറൻസ് ബിഷ്‍ണോയി ഭീഷണി മുഴക്കി. ''എന്നാൽ സൽമാൻ ഖാൻ മാപ്പു പറഞ്ഞാൽ പ്രശ്നം അവിടെ തീരും. സൽമാൻ ഖാൻ അഹങ്കാരിയാണ്. സിദ്ധു മൂസ വാലയും അങ്ങനെയായിരുന്നു. രാവണനേക്കാൾ ഈഗോയുള്ളയാളാണ് സൽമാൻ ഖാൻ''-ലോറൻസ് കൂട്ടിച്ചേർത്തു.
കൃഷ്ണ മൃഗത്തെ വേട്ടയാടിയതോടെ സൽമാൻ ബിഷ്‍ണോയി സമുദായത്തെ അപമാനിച്ചിരിക്കുകയാണെന്ന് ലോറൻസ് ബിഷ്‍ണോയി ദിവസങ്ങൾക്കു മുമ്പ് ആരോപിച്ചിരുന്നു. സൽമാനെതിരെ സമുദായം രോഷാകുലരാണ്. അദ്ദേഹത്തിനെതിരെ കേസെടുത്തു. എന്നിട്ടും മാപ്പു പറഞ്ഞില്ല. മാപ്പു പറയാൻ ഉദ്ദേശ്യമില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അധോലോകനേതാവ് മുന്നറിയിപ്പ് നൽകി.
1998 ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ബിഷ്ണോയി. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കിയിരുന്നു.
ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് സിദ്ധു മൂസ വാലയുടെ കൊലപാതകത്തിന് പിന്നിൽ. സല്‍മാന്‍ ഖാനെ വകവരുത്താന്‍ ഇയാൾ തോക്കുധാരിയെ അയച്ചിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു.