'ഞാൻ രേവതി' കാനഡയിലെ വാൻകൂവർ ചലച്ചിത്ര മേളയിലേക്ക്
text_fieldsകൊച്ചി: ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ 44ാംമത് വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി' തെരഞ്ഞെടുക്കപ്പെട്ടു. ദീപിക സുശീലൻ ക്യൂറേറ്റ് ചെയ്യുന്ന എഡ്ജസ് ബിലോങ്ങിങ്: ടെയിൽസ് ഓഫ് ഗ്രിറ്റ് ആൻഡ് ഗ്രേസ് ഫ്രം ഇന്ത്യ എന്ന ഫോക്കസ് വിഭാഗത്തിലാണ് ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത്.
2025 ഒക്ടോബർ 2 മുതൽ 12 വരെ കാനഡയിൽ വച്ച് നടക്കുന്ന ഫെസ്റ്റിവലിൽ 7 , 8 തീയ്യതികളിലായി ഞാൻ രേവതിയുടെ രണ്ട് പ്രദർശനങ്ങൾ നടക്കും. എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ എ. രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെൻ്ററിയുടെ ഇതിവൃത്തം.
തിരുവനന്തപുരത്ത് നടന്ന ഐ.ഡി. എസ്. എഫ്. എഫ്. കെ യിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഞാൻ രേവതി മുംബൈയിലെ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ , റീൽ ഡിസയേഴ്സ് ചെന്നൈ ക്വിയർ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ 5 മുതൽ 7 വരെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. കോഴിക്കോട് നടന്ന ഐ.ഇ.എഫ്.എഫ്.കെ സ്വതന്ത്ര ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡ് ഞാൻ രേവതിക്ക് ലഭിച്ചിട്ടുണ്ട്. പ്രപഞ്ചം ഫിലിംസിൻ്റെ ബാനറിൽ എ . ശോഭിലയാണ് ഡോക്യുമെൻ്ററി നിർമിച്ചിരിക്കുന്നത്.
പി. ബാലകൃഷ്ണൻ , ടി.എം. ലക്ഷമിദേവി എന്നിവരാണ് സഹ നിർമാതാക്കൾ. എ മുഹമ്മദ് ഛായാഗ്രഹണം , അമൽജിത്ത് എഡിറ്റിങ് , വിഷ്ണു പ്രമോദ് സൗണ്ട് ഡിസൈൻ , സാജിദ് വി. പി കളറിസ്റ്റ് , രാജേഷ് വിജയ് സംഗീതം , ആസിഫ് കലാം സബ്ടൈറ്റിൽസ് , അഡീ ക്യാമറ ചന്തു മേപ്പയൂർ , ക്യാമറ അസി. കെ.വി. ശ്രീജേഷ് ,പി.ആർ സുമേരൻ പി. ആർ. ഒ തുടങ്ങിയവരാണ് സാങ്കേതിക പ്രവർത്തകർ. ബാഡ് ഗേൾ, സൈക്കിൾ മഹേഷ്, ഹിഡൻ ട്രെമോർസ്, സീക്രട്ട്സ് ഓഫ് എ മൗണ്ടൻ സെർപന്റ് തുടങ്ങിയ ചിത്രങ്ങളും ഫോക്കസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

