മക്കൾക്കൊപ്പം സൂപ്പർഡാൻസുമായി ഋത്വിക് റോഷൻ; മക്കൾ പിതാവിന്റെ തനിപ്പകർപ്പെന്ന് ആരാധകർ; വൈറലായി വിഡിയോ
text_fieldsഋത്വിക്, മക്കളായ റെഹാൻ റോഷൻ, റിദാൻ റോഷൻ എന്നിവരോടൊപ്പം
ബോളിവുഡിന്‍റെ സൂപ്പർ ഹീറോ ഋത്വിക് റോഷൻ തന്‍റെ ആൺമക്കളുമൊന്നിച്ച് ഒരു വിവാഹ ചടങ്ങിനിടെ നൃത്തം ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ഋത്വിക് മക്കളായ റെഹാനും റിദാനുമൊപ്പം ബന്ധുവായ ഇഷാൻ റോഷന്‍റെ വിവാഹ പാർട്ടിയിലാണ് ചുവടുവെച്ചത്. കുടുംബവും സുഹൃത്തുകളും ഒന്നു ചേർന്ന ചടങ്ങിൽ ബന്ധുക്കളോടൊപ്പവും ഡാൻസ് ചെയ്യുന്ന താരത്തെ കാണാം. ഋത്വിക് റോഷന്‍റെ ഡാൻസ് മികവ് ആരാധകർക്ക് അറിയാമെങ്കിലും ഇതാദ്യമായാണ് താരം മക്കളുമൊന്നിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത്. അച്ഛന്‍റെ അതേ പകർപ്പാണ് മക്കളും എന്നാണ് ആരാധകരുടെ അഭിപ്രായം. ഋത്വിക് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവെച്ചത്.
ഡിസംബർ 23 നാണ് നടൻ ഋത്വിക് റോഷന്റെ കസിൻ ഇഷാൻ റോഷൻ ഐശ്വര്യ സിങ്ങിനെ വിവാഹം കഴിച്ചത്. ഏറെ നാളുകൾക്കുശേഷം റോഷൻ കുടുംബത്തിൽ നടക്കുന്ന ചടങ്ങെന്ന നിലയിൽ എല്ലാവരും കാത്തിരുന്ന ഒത്തുചേരൽ കൂടിയായിരുന്നു അത്. താരനിബിഢമായ കുടുംബ വിവാഹം ഋത്വിക്, മക്കളായ റെഹാൻ റോഷൻ, റിദാൻ റോഷൻ, പങ്കാളി സബ ആസാദ് എന്നിവരുമൊന്നിച്ച് ആഘോഷമാക്കി. ദിവസങ്ങൾ നീണ്ടുനിന്ന വിവാഹ ആഘോഷത്തിലുടനീളം ഋത്വിക് കുടുംബ സമേതം പങ്കെടുത്തു.
ഋത്വിക്കിന്റെ ബന്ധുക്കളായ സുരാനിക സോണി, പശ്മിന റോഷൻ എന്നിവരും നൃത്തത്തിന്‍റെ ഭാഗമായിരുന്നു. ഋതിക്കും മക്കളുമൊന്നിച്ചുള്ള നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. ബോളിവുഡിന്റെ ഗ്രീക്ക് ദൈവം എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരം തന്‍റെ 51-ാം വയസ്സിലും യുവത്വവും ഊർജസ്വലതയും എങ്ങനെയാണ് കാത്തു സൂക്ഷിക്കുന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
വിവാഹത്തിന് ശേഷം ഋത്വിക്കിന്റെ പിതാവും ചലച്ചിത്ര നിർമാതാവുമായ രാകേഷ് റോഷൻ, 'ഇഷാൻ റോഷൻ ഐശ്വര്യയെ വിവാഹം കഴിച്ചു. ദൈവം അനുഗ്രഹിക്കട്ടെ!' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ കുടുംബ ചിത്രം പങ്കുവെച്ചു. കൊച്ചു മക്കളോടൊത്തുള്ള സന്തോഷ നിമിഷങ്ങൾ ഋത്വിക്കിന്‍റെ മാതാവ് പിങ്കി റോഷനും പങ്കുവെച്ചു. ഏറെ അഭിമാനമുള്ള മുത്തശ്ശിയാണ് താനെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അയൻ മുഖർജിയുടെ വാർ 2 ആണ് ഋത്വിക് റോഷൻ അവസാനമായി അഭിനയിച്ച ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

