ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും നേർക്കുനേർ; വാർ 2 ടീസർ പുറത്ത്
text_fieldsമുംബൈ: യാഷ് രാജ് ഫിലിംസ് ബാനറിൽ ഹൃത്വിക് റോഷനും എൻ.ടി. രാമാ റാവു ജൂനിയറും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വാർ 2വിന്റെ ടീസർ പുറത്ത്. വൈ.ആർ.എഫിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.
ആഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. യാഷ് രാജ് ഫിലിംസ് അവരുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിയേറ്ററുകളിൽ വൻ ഹൈപ്പ് സൃഷ്ടിക്കും എന്ന് കരുതുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. 'ബ്രഹ്മാസ്ത്ര' പോലുള്ള ചിത്രങ്ങൾ ഒരുക്കിയ അയാൻ മുഖർജിയുടെ വൈ.ആർ.എഫ് സ്പൈ യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് വാർ 2. ആദിത്യ ചോപ്രയാണ് നിർമ്മാണം.
ഹൃതിക് റോഷൻ, ജൂനിയർ എൻ.ടി.ആർ, കിയാര അദ്വാനി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുദ്ധസമാനമായ ഒരു പശ്ചാത്തലത്തിൽ ആരംഭിച്ച്, ഹൃതിക് റോഷനും ജൂനിയർ എൻ.ടി.ആറും നേർക്കുനേർ വരുന്ന ഒരു ആക്ഷൻ രംഗമാണ് ടീസറിൽ കാണിക്കുന്നത്. ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്ന കബീർ എന്ന കഥാപാത്രത്തിന് പ്രതിനായകനായാണ് ജൂനിയർ എൻ.ടി.ആർ എത്തുന്നത്.
ടീസർ സസ്പെൻസ് നിലനിർത്തുന്നതോടൊപ്പം ആവേശവും വർധിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ തീയേറ്ററിലെത്തുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇന്ത്യയിൽ റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

