പ്രേക്ഷകർക്കായി ലാലേട്ടന്‍റെ പിറന്നാൾ സമ്മാനം; 'ഹൃദയപൂർവ്വം' ഫസ്റ്റ് ലുക്ക് പോസ്റ്റർ
text_fieldsസത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവ്വം. പത്ത് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാൽ വീണ്ടും ഒന്നിക്കുന്നതിനാൽ തന്നെ ഹൃദയപൂർവ്വം വലിയ പ്രതീക്ഷകളാണ് നൽകുന്നത്. മഞ്ജു വാര്യർ നായികയായ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലാണ് മോഹൻലാലും സത്യൻ അന്തിക്കാടും അവസാനമായി ഒന്നിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന 'ഹൃദയപൂർവ്വം' ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തിരിക്കുകയാണ്. മാളവിക മോഹനും, സംഗീത് പ്രതാപും ഒരുമിച്ചുള്ള ചിത്രമാണ് പോസ്റ്ററിൽ. 'ഹൃദയത്തിൽ നിന്ന് നേരിട്ട്, എന്‍റെ പ്രിയപ്പെട്ടവർക്കരികെ നിന്ന്' എന്ന കുറിപ്പും പോസ്റ്ററിനൊപ്പം നൽകിയിരിക്കുന്നു.
ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു പ്ലസന്‍റ് സിനിമയായിരിക്കും ഹൃദയപൂർവ്വം എന്ന് സത്യൻ അന്തിക്കാട് സൂചിപ്പിച്ചിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് സത്യൻ അന്തിക്കാടിന്‍റെ ചിത്രം കേരളത്തിന് പുറത്ത് ചിത്രീകരിക്കുന്നത്. മണ്ടന്മാർ ലണ്ടനിൽ എന്ന സിനിമയുടെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു. ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിന്‍റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്.
മോഹൻലാലിനൊപ്പം സിദ്ദിഖ്, സബിതാ ആനന്ദ്, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സോനു ടി.പിയാണ് തിരക്കഥയും സംഭാഷണവും. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ഹൃദയപൂർവ്വം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

