'സിനിമ കണ്ടു കഴിയുമ്പോൾ മോഹൻലാലിനെയല്ല, ആ കഥാപാത്രത്തെയാവും നിങ്ങൾ ഓർക്കുക'; പേട്രിയറ്റിൽ മോഹൻലാൽ വേണമെന്ന് പറഞ്ഞത് മമ്മൂട്ടി
text_fieldsമോഹൻലാലും മമ്മൂട്ടിയും പാട്രിയറ്റ് സെറ്റിൽ
മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന ബിഗ് ബജറ്റ് സ്പൈ ത്രില്ലർ ചിത്രമാണ് പേട്രിയറ്റ്. ഇപ്പോൾ ചിത്രം തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്. സംവിധായകൻ മഹേഷ് നാരായണനും സംഘവും പാട്രിയറ്റിനായി അഭിനേതാക്കളെ തെരഞ്ഞെടുക്കുമ്പോൾ ഒരു പ്രത്യേക കഥാപാത്രത്തിന്‍റെ കാസ്റ്റിങ്ങിൽ അവർക്ക് ഏറെ പ്രയാസം നേരിട്ടു.
ഇന്ത്യ മുഴുവൻ വ്യാപിച്ച ഒരു സ്പൈ ത്രില്ലർ എന്ന നിലയിൽ ചിത്രം വിഭാവനം ചെയ്യുമ്പോൾ, രാജ്യമെമ്പാടുമുള്ള പ്രേക്ഷകർ തിരിച്ചറിയുകയും ഗൗരവമായി എടുക്കുകയും ചെയ്യുന്ന ഒരു നടനെയാണ് ആ കഥാപാത്രത്തിന് ആവശ്യമെന്ന് തോന്നി. ഒരു ബോളിവുഡ് നടനെ തെരഞ്ഞെടുക്കാമെന്നായിരുന്നു ആദ്യം മനസ്സിൽ. എന്നാൽ പിന്നീട് മമ്മൂട്ടിയാണ് ഗംഭീരമായ ആ ആശയം മുന്നോട്ട് വെച്ചത് എന്ന് സംവിധായകൻ പറയുന്നു.
'പേട്രിയറ്റ് ഒരു ദേശീയ തലത്തിലുള്ള ചിത്രമായതിനാൽ പ്രധാന കഥാപാത്രത്തിലേക്ക് ഒരു ബോളിവുഡ് നടനെയാണ് അവർ ആദ്യം പരിഗണിച്ചത്' മമ്മൂട്ടി പറഞ്ഞു. 'എന്നാൽ ഇവിടെ അത്തരം ഒരാൾ ഉള്ളപ്പോൾ അധികം ദൂരം പോകേണ്ടതില്ലെന്ന് ഞാൻ പറഞ്ഞു. നമുക്ക് അദ്ദേഹത്തോട് സംസാരിച്ച് നോക്കാം' എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. എന്നാൽ അദ്ദേഹം സൂചിപ്പിച്ച ആൾ മോഹൻലാൽ ആയിരുന്നു എന്നതാണ് പേട്രിയറ്റ് സിനിമയുടെ വഴിത്തിരിവായത്.
ഏകദേശം 17 വർഷത്തിനുശേഷമാണ് മലയാളത്തിന്‍റെ രണ്ട് ഇതിഹാസ നടന്മാരും ഒന്നിച്ച് അഭിനയിക്കുന്നത്. 2008ൽ പുറത്തിറങ്ങിയ ട്വന്റി:20 ആയിരുന്നു ഇരുവരും അവസാനം ഒന്നിച്ചഭിനയിച്ച ചിത്രം. പേട്രിയറ്റിന് മോഹൻലാാലിന്‍റെ സമ്മതം ലഭിക്കാൻ വൈകിയില്ല. ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു എന്നാണ് മോഹൻലാൽ പറയുന്നത്.
'പേട്രിയറ്റ് പോലുള്ള ഒരു സിനിമയുടെ ഭാഗമാകുക എന്നത് വലിയ സന്തോഷകരവും ഭാഗ്യവുമാണ്. വളരെക്കാലത്തിനു ശേഷമാണ് ഞാനും മമ്മൂട്ടിയും ഒന്നിക്കുന്നത്. ഇത്രയധികം അഭിനേതാക്കളോടൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം ലഭിക്കുന്നത് അപൂർവമാണ്. എന്റെ കഥാപാത്രത്തിന് മികച്ചൊരു പൊസിഷനിങ് ഉണ്ട്. ആ കഥാപാത്രത്തിന്‍റെ ആരംഭവും അവസാനവും നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇത്തരമൊരു കഥാപാത്രം ഞാൻ ആദ്യമായിട്ടാണ് ചെയ്യുന്നത്. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, ഒരു പെർഫോമർ എന്ന നിലയിലും അവർ എന്നെ ഉപയോഗിച്ചു. എനിക്ക് വേണ്ടെന്ന് പറയാൻ കഴിയാത്ത ഒരു കഥാപാത്രമായിരുന്നു അത്' മോഹൻലാൽ പറഞ്ഞു.
മമ്മൂട്ടി ആ കഥാപാത്രത്തെ വിശേഷിപ്പിച്ചത് സിനിമയുടെ പ്രധാന ടേണിങ് പോയന്‍റ് എന്നാണ്. 'അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണ്. ഒരു ഘട്ടത്തിൽ സിനിമ മുന്നോട്ട് പോകാൻ അദ്ദേഹത്തിന്റെ കഥാപാത്രം നിർണായകമാകും' മമ്മൂട്ടി പറഞ്ഞു. 'സിനിമ കണ്ടു കഴിയുമ്പോൾ മോഹൻലാലിനെയല്ല, ആ കഥാപാത്രത്തെയാവും നിങ്ങൾ ഓർക്കുക' നടൻ കൂട്ടിച്ചേർത്തു.
മഹേഷ് നാരായണനെ സംബന്ധിച്ചിടത്തോളം മോഹൻലാലിന്റെ കാസ്റ്റിങ് യാദൃശ്ചികമായിരുന്നു. മഹേഷും നിർമാതാവ് ആന്റോ ജോസഫും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ കാണാൻ പോയപ്പോൾ മോഹൻലാൽ അവിടെ ഉണ്ടായിരുന്നു. മഹേഷിനോട് തിരക്കഥ വിവരിച്ചു കൊടുക്കാമോ എന്ന് ചോദിച്ചത് മോഹൻലാൽ തന്നെയാണ്. അദ്ദേഹം അപ്പോൾ തന്നെ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

