ഓസ്കർ ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ച് 'ഹോംബൗണ്ട്'; വൈകാരിക കുറിപ്പുമായി കരൺജോഹർ
text_fields98-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ഷോർട്ട്‌ലിസ്റ്റിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ഹോംബൗണ്ട്' മുന്നേറിയതായി അക്കാദമി പ്രഖ്യാപിച്ചു. 12 വിഭാഗങ്ങളിലായി തെരഞ്ഞെടുത്ത എൻട്രികളുടെ ചുരുക്കപ്പട്ടിക അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പുറത്തിറക്കി. 86 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 15 സിനിമകളും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
പ്രഖ്യാപനത്തിന് ശേഷം കരൺജോഹർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പാണ് ആരാധക ശ്രദ്ധ നേടുന്നത്. ‘ഹോംബൗണ്ട് എന്ന സിനിമയുടെ യാത്രയിൽ ഞാൻ എത്രമാത്രം അഭിമാനിക്കുന്നു,ആഹ്ളാദിക്കുന്നു, എത്ര സന്തോഷിക്കുന്നു,എന്ന് എനിക്ക് പറയാൻ കഴിയുന്നില്ല. നമുക്കെല്ലാവർക്കും നമുടെ ഫിലിമോഗ്രാഫിയിൽ അഭിമാനകരവും പ്രധാനപ്പെട്ടതുമായ ചിത്രം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റർ ആരംഭിക്കുന്നത്.
ചിത്രത്തിന്‍റെ സംവിധായകൻ നീരജ് ഗെയ്‌വാന് നന്ദിയും പറയുന്നുണ്ട്. 'നമുടെ നിരവധി സ്വപ്നങ്ങൾ സാക്ഷാത്കരിച്ചതിന് നന്ദി...കാൻ മുതൽ ഓസ്കർ ലിസ്റ്റിൽ ഇടം നേടുന്നത് വരെയുളള യാത്ര വളരെ ആവേശകരമായിരുന്നു. ഈ പ്രത്യേക ചിത്രത്തിന്‍റെ മുഴുവൻ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ടീമുകളോടും സ്നേഹം മാത്രംഎന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാന്‍വി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹോംബൗണ്ട്’ സംവിധാനം ചെയ്തത് നീരജ് ഗെയ്‌വാനാണ്. കരൺജോഹറിന്‍റെ ധർമ പ്രൊഡക്ഷനാണ് ചിത്രം നിർമിച്ചിട്ടുളളത്.
വടക്കേ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലെ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ‘ഹോംബൗണ്ട്’. രണ്ടു മതത്തിൽപ്പെട്ട സുഹൃത്തുക്കൾ പൊലീസ് ഓഫീസർമാരാകാൻ ആഗ്രഹിക്കുകയും തുടർന്നുണ്ടാകുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ‘ഹോംബൗണ്ട് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

